തമിഴ് നടൻ വിശാൽ വിവാഹിതനാകുന്നു, വധു സായ് ധൻഷിക

പ്രശസ്ത തമിഴ് നടൻ വിശാൽ കൃഷ്ണ റെഡ്ഡി വിവാഹിതനാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടൻ വിശാലിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകള്‍ പുറത്തുവന്നിരുന്നു. നടി സായ് ധൻഷികയുമായാണ് വിശാലിന്റെ വിവാഹം എന്നായിരുന്നു അഭ്യൂഹം. എന്നാല്‍ വിവാഹത്തെ കുറിച്ച്‌പരന്ന വാർത്തകള്‍ അഭ്യൂഹമല്ലെന്നും യഥാർത്ഥമാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് വിശാലും ധൻഷികയും. 47 കാരനായ നടൻ കാമുകിയും നടിയുമായ 35 കാരിയായ നടി സായ് ധൻസികയെയാണ് വിവാഹം കഴിക്കാൻ പോകുന്നത്. യോഗിഡാ എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു വെളിപ്പെടുത്തല്‍.

ഈ വർഷം ഓഗസ്റ്റ് 29 ന് തങ്ങൾ വിവാഹിതരാകാൻ പോകുന്നുവെന്ന്  ധൻഷിക ഓഡിയോ ലോഞ്ച് വേദിയില്‍ പറഞ്ഞു. തൻ്റെ ജന്മദിനം കൂടിയാണ് അന്ന് എന്നും നടി പറഞ്ഞു. കഴിഞ്ഞ 15 വർഷമായി തങ്ങൾക്ക് പരസ്പരം അറിയാമെന്നും എന്നാൽ അടുത്തിടെയായിരുന്നു ഡേറ്റിംഗ് ആരംഭിച്ചതെന്നും ധൻസിക പറഞ്ഞു.

ഒരു വൈറൽ വാർത്തയ്ക്ക് ശേഷം തന്റെ ബന്ധം പരസ്യമാക്കാൻ ആലോചിച്ചതായി വിശാൽ പറഞ്ഞു. തുടക്കത്തിൽ ഞങ്ങളുടെ സൗഹൃദം മാത്രമേ വെളിപ്പെടുത്താൻ ആഗ്രഹിച്ചിരുന്നുള്ളൂ, പക്ഷേ രാവിലെ റിപ്പോർട്ട് വൈറലായപ്പോൾ മറച്ചുവെക്കാൻ ഒന്നുമില്ലെന്ന് ഞങ്ങൾക്ക് തോന്നിയെന്നും വിശാൽ പറഞ്ഞു.