
താരസംഘടനയായ അമ്മയിലേക്കുളള ഭാരവാഹി തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുളള നടപടികൾക്ക് ഇന്ന് മുതൽ തുടക്കം കുറിക്കും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് ‘അമ്മ തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയും തിരഞ്ഞെടുക്കും. പത്രിക സമർപ്പിക്കാനുളള അവസാന തീയതി ഈ മാസം 24 ആണ്.
അമ്മയുടെ തെരെഞ്ഞെടുപ്പ് ഓഗസ്റ്റ് 15നാണ്, നടൻ കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളുടെ പേരുകൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ എത്തുന്നുണ്ട്. അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബു തിരിച്ചെത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നാല് സീറ്റുകൾ വനിതകൾക്കാണ്. പ്രസിഡന്റ് ഉൾപ്പെടെ മറ്റു സ്ഥാനങ്ങൾ എല്ലാം ജനറൽ സീറ്റുകളും ആണ്.
മറ്റു സംഘടനകളിൽ ഭാരവാഹിത്വം ഇല്ലാത്ത ആളുകൾക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകുക. മാർച്ച് 31 വരെ സംഘടനയിൽ കുടിശ്ശിക ഇല്ലാത്ത ആജീവനാന്ത അംഗങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെ പത്രിക സമർപ്പിക്കാം.











