കരൂർ ദുരന്തം: വിജയിനെ കേസിൽ നിന്ന് ഒഴിവാക്കാൻ സ്റ്റാലിൻ നിർദേശം, ബിജെപി മുതലെടുക്കുമെന്ന ആശങ്ക

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ടിവികെ നേതാവ് വിജയിനെ പ്രതി ആക്കാതിരിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദേശം ലഭിച്ചിരുന്നുവെന്ന് സൂചന. വിജയ്‌ക്കെതിരെ കേസെടുക്കുന്നത് തെറ്റായ നടപടി ആകുമെന്നും, അത് ബിജെപിക്ക് രാഷ്ട്രീയമായി മുതലെടുക്കാനുള്ള അവസരം നൽകുമെന്നും സ്റ്റാലിൻ വിലയിരുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

ദുരന്തത്തിൽ നിരവധി ടിവികെ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നിട്ടും, വിജയിനെ നേരിട്ട് പ്രതസ്ഥാനത്ത് ഉൾപ്പെടുത്താതെ നീക്കം നടത്തിയത് തമിഴ്നാട് സർക്കാരിന്റെ നിലപാടായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, സംഭവത്തിൽ സർക്കാരിന്റെ സമീപനം വിമർശിച്ച് വിജയ് തന്നെ രംഗത്തെത്തുകയും സ്റ്റാലിനെതിരെ രൂക്ഷമായ പ്രസ്താവനകൾ നടത്തുകയും ചെയ്തു.

ഇതിനിടയിൽ, 41 പേരുടെ ജീവൻ നഷ്ടപ്പെടുത്തിയ ദുരന്തവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ, ജില്ലാ പൊലീസ് ടിവികെയ്ക്ക് പൊതുയോഗത്തിന് അനുമതി നൽകുമ്പോൾ മുന്നോട്ടുവച്ച ഉപാധികൾ പുറത്തുവിട്ടു. റോഡ് ഷോ നടത്തരുത്, ഗതാഗത തടസ്സം ഉണ്ടാക്കരുത്, ആംബുലൻസുകളുടെ ഗതാഗതത്തിന് തടസ്സം ഉണ്ടാക്കരുത്, പ്രവർത്തകർ റോഡ് ഡിവൈഡറിൽ കയറി നിൽക്കരുത് എന്നീ നിർദേശങ്ങളാണ് ഉൾപ്പെട്ടത്. എന്നാൽ, പൊലീസ് വൃത്തങ്ങളുടെ വിവരങ്ങൾ പ്രകാരം ഈ ഉപാധികളിൽ പകുതിയോളം മാത്രമാണ് പാലിച്ചിരുന്നത്.

പൊതുവെ, ഡിഎംകെ സർക്കാരിനെ വിമർശിക്കുന്ന വിജയ്-ടിവികെ നിലപാടിനോട് പ്രതികരണമായി പോലീസ് രേഖകൾ പുറത്തുവിട്ടതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.