കാന്താര: ചാപ്റ്റർ വൺ – വെറും രണ്ട് ദിവസത്തിൽ തന്നെ 100 കോടി, റെക്കോർഡ് വരവേൽപ്പ്

രാജ്യമൊട്ടാകെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ കന്നഡ ചിത്രമായ കാന്താരയുടെ പ്രീക്വൽ കാന്താര: ചാപ്റ്റർ വൺ തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. റിലീസിന് വെറും രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി കടന്ന് മുന്നേറുകയാണ് ചിത്രം.

ഒക്ടോബർ 2ന് വേൾഡ്‌വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ റിലീസ് ചെയ്ത സിനിമയ്ക്ക് 6,195 പ്രദർശനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. ഇതിൽ കന്നഡയിൽ 1,317, ഹിന്ദിയിൽ 3,703, തെലുങ്കിൽ 43, തമിഴിൽ 247, മലയാളത്തിൽ 885 ഷോകളാണ് ഉണ്ടായത്.

ആദ്യ ദിനം മാത്രം ചിത്രം 60 കോടി കളക്ഷൻ നേടി. കേരളത്തിൽ നിന്നും 6 കോടി, ഹിന്ദി വേർഷനിൽ നിന്ന് മാത്രം 17 കോടി കളക്ഷനും നേടി. രാജ്യം മുഴുവൻ സൂപ്പർസ്റ്റാർമാരുടെ ചിത്രങ്ങളെയും വിറപ്പിക്കുന്ന തരത്തിലാണ് കാന്താര: ചാപ്റ്റർ വൺ സ്വീകരിക്കപ്പെട്ടിരിക്കുന്നത്.

ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. സൂപ്പർഹിറ്റായി മാറിയ കാന്താരയുടെ ആദ്യ ഭാഗവും ഇവർ തന്നെയായിരുന്നു വിതരണം ചെയ്തത്.

2022ൽ പുറത്തിറങ്ങിയ കാന്താര വലിയ ബജറ്റ് ഇല്ലാതെ തന്നെ പ്രേക്ഷകഹൃദയം കീഴടക്കിയിരുന്നു. പിന്നീട് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു ഭാഷകളിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്ത പതിപ്പുകൾക്കും മികച്ച കളക്ഷൻ ലഭിച്ചു. ഈ വിജയമാണ് ആരാധകരെ രണ്ടാം ഭാഗത്തേക്കായി ആകാംക്ഷയോടെ കാത്തിരിപ്പിക്കാൻ കാരണമായത്.

ഋഷഭ് ഷെട്ടി തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന കാന്താര: ചാപ്റ്റർ വൺ വിജയ് കിരഗണ്ടുർ നിർമ്മിച്ച ചിത്രമാണ്. മൂന്ന് വർഷത്തെ ഷൂട്ടിംഗിനൊടുവിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

ഫാന്റസി, പുരാണം, മിത്തുകൾ എന്നിവ ചേർത്ത് ഒരുക്കിയ ആദ്യ ഭാഗം പോലെ തന്നെ, രണ്ടാം ഭാഗവും ബ്ലോക്ക്ബസ്റ്റർ ചാർട്ടിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ചരിത്രം ആവർത്തിക്കുകയാണെന്ന് കാന്താര: ചാപ്റ്റർ വൺന്റെ സ്വീകരണം വ്യക്തമാക്കുന്നു.