മമ്മൂട്ടി ചിത്രം ‘അമരം’ റീ റിലീസിനെത്തുന്നു; ഇന്ത്യയിൽ ഒരൊറ്റ തീയേറ്ററിൽ പോലും റിലീസില്ല

ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത ‘അമരം’ റീ റിലീസിനൊരുങ്ങുന്നു. 34 വർഷങ്ങൾക്കുശേഷമാണ് നവീകരിച്ച ഫോർ കെ പതിപ്പിലൂടെ സിനിമ വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നത്. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ റീ റിലീസിന് ഒരുങ്ങുന്നത്. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ചലച്ചിത്ര വിതരണ കമ്പനിയായ സൈബർ സിസ്റ്റംസ് ഓസ്ട്രേലിയ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വേൾഡ് വൈഡ് റിലീസ് ആണെങ്കിലും ഇന്ത്യയിൽ റിലീസ് ഉണ്ടായിരിക്കില്ല. ഇന്ത്യയിൽ ചിത്രത്തിന്റെ റിലീസ് ഉണ്ടായിരിക്കില്ലെന്ന് റീറിലീസ് പോസ്റ്ററിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പല ആളുകളും കേരളത്തിലടക്കം ഈ സിനിമ റിലീസിനെത്തുമെന്നാണ് കരുതിയിരിക്കുന്നത്. അതുകൊണ്ടു തന്നെ മമ്മൂട്ടി ആരാധകരുടെ പക്കൽ നിന്നും നിരാശയുണർത്തുന്ന പ്രതികരണമാണ് ഉയരുന്നത്. രാജമാണിക്യം’, ‘മായാവി’, ‘ബിഗ് ബി’ തുടങ്ങിയ ആഘോഷ സിനിമകളാണ് റീ റിലീസ് ചെയ്യണ്ടതെന്നും അമരം പോലെയുള്ള സിനിമകൾക്ക് റീ റിലീസിൽ ആളെക്കൂട്ടാൻ സാധിക്കില്ലെന്നാണ് പലരും പറയുന്നത്. അമരം നല്ല സിനിമയാണെങ്കിലും റീ റിലീസ് വേണ്ട എന്നാണ് മറ്റു ചിലരുടെ കമന്റ്. സിനിമയുടെ റീ റിലീസ് ഡേറ്റ് ഇതുവരെ പുറത്തുവന്നിട്ടില്ല.