
നടൻ അജ്മൽ അമീർ ഉൾപ്പെട്ട വോയിസ് ചാറ്റ് വിവാദം കൂടുതൽ ചൂടുപിടിക്കുന്നു. തനിക്ക് അജ്മൽ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് പുറത്തുവിട്ടിരിക്കുകയാണ് നടിയും ഡിസൈനറും മേക്കപ്പ് ആർട്ടിസ്റ്റുമായ റോഷ്ന റോയ്.
ലൈംഗിക ആരോപണങ്ങളിൽ മറുപടി പറയാൻ സമൂഹ മാധ്യമങ്ങളിലെത്തിയ അജ്മൽ അമീറിന് വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. പല വിമർശന കമന്റുകൾക്കും താരം മറുപടിയും നൽകി. ‘ഭാര്യയുമായി വന്നു മറുപടി നൽകിയാൽ വിശ്വസിക്കാം’ എന്ന കമന്റിന് അജ്മൽ നൽകിയ മറുപടിയും ഇതിനിടയിൽ ശ്രദ്ധ നേടിയിരുന്നു . ‘ഞാൻ ഒന്നും തെളിയിക്കാൻ ശ്രമിക്കുന്നില്ല സഹോദരാ’’ എന്നാണ് അജ്മൽ അമീർ മറുപടിയായി കുറിച്ചത്.

രണ്ട് ദിവസം മുമ്പ് പുറത്തുവന്ന വിവാദ ചാറ്റിലെ ശബ്ദം തന്റേതല്ലെന്ന് അജ്മൽ അമീർ തന്റെ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു. ഫാബ്രിക്കേറ്റഡ് സ്റ്റോറികള്‍ക്കോ എഐ വോയ്‌സ് ഇമിറ്റേഷനോ ബ്രില്ല്യന്റ് ആയുള്ള എഡിറ്റിങ്ങിനോ തന്നെയോ തന്റെ കരിയറിനെയോ നശിപ്പിക്കാന്‍ കഴിയില്ലെന്ന് അജ്മല്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് അജ്മലിനെതിരെ റോഷ്നയുടെ സോഷ്യൽ മീഡിയ പോസ്റ്റ് .
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് അജ്മൽ അമീർ തനിക്കയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് റോഷ്ന പോസ്റ്റ് ചെയ്തത്. ഹെലോ ‘ഹൗ ആർ യു’,’യൂ ആർ ദെയർ. തുടങ്ങിയ മെസ്സേജുകളാണ് സ്ക്രീൻഷോട്ടിൽ കാണുന്നത്. ”എത്ര നല്ല വെള്ളപൂശൽ. ചുമ്മാ ഇൻബോക്സ് നോക്കിയപ്പോൾ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്,”എന്നാണ് സ്ക്രീന്‍ഷോട്ടിനൊപ്പം റോഷ്ന നൽകിയ അടിക്കുറിപ്പ്.











