
പിതാവിന്റെ പാരമ്പര്യം കൊണ്ടല്ല, സ്വന്തം കഴിവുകൊണ്ട് വേറിട്ട സ്ഥാനമുറപ്പിക്കാൻ ശ്രമിക്കുന്ന താരമാണ് ധ്രുവ് വിക്രം. സൂപ്പർതാരം ചിയാൻ വിക്രമിന്റെ മകനായ ധ്രുവ്, തെലുങ്ക് സൂപ്പർഹിറ്റ് ചിത്രമായ അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വർമയിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് അച്ഛനൊപ്പം മഹാൻ എന്ന ചിത്രത്തിലും പ്രധാനവേഷം ചെയ്തു.
മാരി സെൽവരാജ് സംവിധാനം ചെയ്ത ബൈസൺ ആണ് ധ്രുവിന്റെ പുതിയ ചിത്രം. മികച്ച പ്രേക്ഷക പിന്തുണയോടെ ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
ബൈസൺ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കവെ ധ്രുവ് നെപ്പോട്ടിസത്തെക്കുറിച്ച് തുറന്നുപറഞ്ഞത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. താരപുത്രനെന്ന നിലയിൽ തനിക്ക് ലഭിച്ച അവസരങ്ങളെ ധ്രുവ് തുറന്നുമനസോടെ അംഗീകരിച്ചു.
“ഞാൻ ഒരു സ്റ്റാർകിഡ് തന്നെയാണ്. അതിനാൽ ചില അവസരങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷേ, അതിനു മുകളിലായി പ്രേക്ഷകർ എന്നെ സ്വീകരിക്കുന്നതിനും സ്‌നേഹിക്കുന്നതിനും വേണ്ടി ഞാൻ എന്തും ചെയ്യാൻ തയ്യാറാണ്. അതുവരെ ഞാൻ എന്റെ ജോലി തുടർന്നുകൊണ്ടിരിക്കും,” – ധ്രുവ് വിക്രം പറഞ്ഞു.











