
ഒന്നാം വിവാഹ വാർഷികത്തിൽ ആരാധകർക്ക് നന്ദി അറിയിച്ചും കടന്നുപോയ കഷ്ടതകളെക്കുറിച്ച് സംസാരിച്ചും നടൻ ബാലയും ഭാര്യ കോകിലയും.
വിവാഹജീവിതത്തിലെ ആദ്യവർഷത്തിൽ തങ്ങൾ കടന്നുപോയത് മറ്റ് ദമ്പതികൾക്കൊന്നും ഉണ്ടാകാത്ത സാഹചര്യങ്ങളിലൂടെയാണെന്നും, എന്നാൽ ഈ കാലയളവിൽ പരസ്പരം വിട്ടുകൊടുക്കാതെ ഒന്നിച്ചു നിന്നുവെന്നും ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെ വ്യക്തമാക്കി.
2024 ഒക്ടോബർ 23-നാണ് ബാലയും കോകിലയും വിവാഹിതരായത്. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ബാലയുടെ മാതൃസഹോദരന്റെ മകളാണ് തമിഴ്നാട് സ്വദേശിനിയായ കോകില. മുൻപ് നടന്ന രണ്ട് വിവാഹബന്ധങ്ങൾ വേർപിരിഞ്ഞതിന് ശേഷമാണ് ബാല കോകിലയെ ജീവിതസഖിയാക്കിയത്.
ചെറുപ്പം മുതലേ ബാലയെ അറിയാമെന്നും താരം ഒറ്റപ്പെട്ട സമയങ്ങളിൽ താനാണ് താങ്ങും തണലുമായി നിന്നതെന്നും കോകില വെളിപ്പെടുത്തിയിരുന്നു. വിവാഹശേഷം ഇരുവരും സന്തോഷകരമായ ദാമ്പത്യം നയിക്കുമ്പോഴും സോഷ്യൽ മീഡിയയിലും പൊതുരംഗത്തും പലപ്പോഴും ഇവർക്ക് വിവാദങ്ങളെ നേരിടേണ്ടി വന്നിട്ടുമുണ്ട്.











