കേരളത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; മോൻത ചുഴലിക്കാറ്റ് ദുർബലമായി

കേരളത്തിൽ മഴ മുന്നറിയിപ്പ് പുതുക്കി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് (ഒക്ടോബർ 29) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം, നിലവിൽ നാളെ മുതൽ (ഒക്ടോബർ 30) നവംബർ 2 വരെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റ് ഉയർത്തിയ ആശങ്കകൾക്ക് അയവ് വരുന്നു. ഇന്നലെ അർദ്ധരാത്രിക്ക് ശേഷം തീരം തൊട്ട മോൻത നിലവിൽ സാധാരണ ചുഴലിക്കാറ്റായി ദുർബലപ്പെട്ടിട്ടുണ്ട്.

രാത്രി 12:30 ഓടെയാണ് മോൻത ആന്ധ്രാ തീരം തൊട്ടത്. അഞ്ചര മണിക്കൂറെടുത്താണ് ലാൻഡ് ഫാളിംഗ് പൂർത്തിയാക്കിയത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റ് വിശാഖപട്ടണം, കൊണസീമ, വിജയനഗര ജില്ലകളിൽ വ്യാപക നാശം വിതച്ചു.

പ്രാഥമിക കണക്കുകൾ പ്രകാരം, ആന്ധ്രയിൽ ഒന്നേമുക്കാൽ ലക്ഷം ഹെക്ടറിലധികം കൃഷിനാശം സംഭവിച്ചു. വൈദ്യുതി മേഖലയിലും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ നേരിട്ടിട്ടുണ്ട്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

വലിയ തോതിൽ ആളപായം ഉണ്ടാക്കാതെ മോൻത കടന്നുപോയത് ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങൾക്ക് ആശ്വാസമായി. കോണസീമ ജില്ലയിൽ വീടിന് മുകളിലേക്ക് മരം വീണാണ് ഒരു സ്ത്രീ മരണപ്പെട്ടത്. വിവിധ പ്രദേശങ്ങളിലായി ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ചുഴലിക്കാറ്റിന്റെ മുന്നോടിയായി മുക്കാൽ ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത് ആഘാതം കുറയ്ക്കാൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ.

മോൻതയുടെ സ്വാധീനഫലമായി ആന്ധ്ര, തെലങ്കാന, ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിനെ ഉൾപ്പെടെ മഴ ബാധിച്ചു. നിരവധി ഇടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാൾ, തമിഴ്നാടിന്റെ ചില ഭാഗങ്ങൾ, കർണാടകയുടെ തീരദേശ ജില്ലകൾ എന്നിവിടങ്ങളിലും മഴ തുടരുന്നു. എങ്കിലും ദുർബലമായ മോൻത വരും മണിക്കൂറുകളിൽ കൂടുതൽ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. തീരദേശ ജില്ലകളിൽ മഴ തുടരുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.