മലയാള സിനിമാ ചരിത്രത്തിൽ ആദ്യം; ശ്രീനാഥ് ഭാസിയുടെ ‘പൊങ്കാല’ നവംബർ 30 ഞായറാഴ്ച തിയേറ്ററുകളിലേക്ക്

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രം ഞായറാഴ്ച റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയുമായി ശ്രീനാഥ് ഭാസി നായകനായെത്തുന്ന ‘പൊങ്കാല’ നവംബർ 30-ന് തിയേറ്ററുകളിലെത്തും. എ. ബി. ബിനിൽ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയിലെ പുതിയൊരു ചരിത്രത്തിന് തുടക്കമിടുകയാണ്.

‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശ്രീനാഥ് ഭാസി ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘പൊങ്കാല’. ശക്തമായ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ആക്ഷൻ കോമഡി ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയുടെ ഷൂട്ടിംഗ് പ്രധാനമായും വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു.2000 കാലഘട്ടത്തിൽ വൈപ്പിൻ-മുനമ്പം തീരദേശത്ത്, ഹാർബർ പശ്ചാത്തലമാക്കി നടന്ന ഒരു സംഭവകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

യാമി സോനാ, ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 എന്നീ ബാനറുകളിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് ‘പൊങ്കാല’ നിർമ്മിക്കുന്നത്. ഡോണ തോമസാണ് കോ-പ്രൊഡ്യൂസർ. ഗ്രേസ് ഫിലിം കമ്പനിയാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.