ബോഡി ഷെയ്മിംഗിനെതിരെ രൂക്ഷ പ്രതികരണവുമായി ഹണി റോസ്

നടി ഹണി റോസ് ബോഡി ഷെയ്മിംഗിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്ത്. ശരീരത്തെ അധിക്ഷേപിക്കുന്നവർ മറുഭാഗത്ത് ഇരിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ ഒട്ടും മനസ്സിലാക്കാത്തവരാണെന്ന് നടി ഗൗരി കിഷന്റെ അനുഭവം സൂചിപ്പിച്ചുകൊണ്ട് ഹണി റോസ് പറഞ്ഞു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിലൂടെ ചിലർ വരുമാനം ഉണ്ടാക്കുമ്പോൾ സമൂഹത്തിൽ എന്ത് മാറ്റം വരാനാണെന്നും താരം ചോദിച്ചു.

അതേസമയം, ഹണി റോസ് കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയതും വ്യത്യസ്തവുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘റേച്ചൽ’ റിലീസിന് ഒരുങ്ങുകയാണ്. നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബർ 12 മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

രണ്ട് പതിറ്റാണ്ടായി സിനിമാരംഗത്തുള്ള ഹണി റോസ്, ഇറച്ചി വെട്ടുകാരിയായ ‘റേച്ചൽ’ എന്ന വേഷപ്പകർച്ചയിലാണ് എത്തുന്നത്. പാലായിൽ നിന്നുള്ള വേട്ടക്കാരനായ പോത്തുപാറ ജോയിച്ചന്റെ മകളാണ് റേച്ചൽ. ജോയിച്ചന്റെ വേഷത്തിൽ ബാബുരാജും ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നു. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിന്റെ ആദ്യ പോസ്റ്ററുകളും ടീസറും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ‘കണ്ണിൽ മാരിവില്ലിൻ ചെണ്ട്…’ എന്ന ആദ്യ ഗാനവും ശ്രദ്ധ നേടി.

വയലൻസും രക്തച്ചൊരിച്ചിലും തീവ്രമായ അഭിനയ മുഹൂർത്തങ്ങളും നിറഞ്ഞ ഒരു റിവഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലായി ‘റേച്ചൽ’ റിലീസിനെത്തുന്നുണ്ട്. ഹണി റോസിനും ബാബുരാജിനും പുറമെ റോഷൻ, ചന്തു സലിംകുമാർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.