വിസ്മയയുടെ ആദ്യ സിനിമ ‘തുടക്കം’; വിജയാശംസകളുമായി, സുചിത്ര മോഹൻലാൽ

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ മകൾക്ക് ആശംസകളും അനുഗ്രഹങ്ങളുമായി സുചിത്ര മോഹൻലാൽ.

അഭിനയത്തിലേക്ക് മകൾ അപ്രതീക്ഷിതമായി കടന്നുവന്നതിലുള്ള സന്തോഷവും ആകാംക്ഷയും സുചിത്ര പങ്കുവച്ചു. വിസ്മയ അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മോഹൻലാൽ അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പറഞ്ഞിരുന്നെങ്കിലും മക്കളുടെ ഭാവികാര്യങ്ങളിൽ പിന്തുണ നൽകേണ്ടത് തങ്ങളുടെ കടമയായതുകൊണ്ട് തങ്ങൾ പ്രോത്സാഹിപ്പിച്ചു എന്നാണ് സുചിത്ര മോഹൻലാൽ പറഞ്ഞത്.

മകനും മകളും ചേർന്ന് പണ്ടൊരിക്കൽ വീട്ടിൽ ‘ആംഗ്രി വിസ്മയ’ എന്നൊരു ഹോം സിനിമ ചെയ്തിരുന്നെന്നും അതിന്റെ ക്യാമറ ചെയ്തത് താനായിരുന്നുവെന്നും സുചിത്ര ഓർത്തെടുത്തു. പിതാമഹന്മാരുടെയും ദൈവത്തിന്റെയും അനുഗ്രഹത്തോടെ മകൾക്കും ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷിനും വിജയാശംസകൾ നേർന്നാണ് സുചിത്ര മോഹൻലാൽ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. ജൂഡ് ആന്റണി ജോസെഫിന്റെ സംവിധാനത്തിൽ ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിസ്മയ മോഹൻലാൽ, ആശിഷ് ആന്റണി, ബോബി കുര്യൻ തുടങ്ങിയവർ വേഷമിടുന്നുണ്ട്..