
രജനികാന്ത് അഭിനയ ജീവിതത്തോട് വിട പറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 46 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ ഹാസനുമായി രജനികാന്ത് ഒന്നിച്ചഭിനയിക്കുന്ന ചിത്രം ഉള്‍പ്പെടെ 4 ചിത്രങ്ങള്‍ കൂടി മാത്രമേ രജനികാന്ത് ഇനി അഭിനയിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
മാധ്യമ വാര്‍ത്തകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയിലും ഇത് വലിയ ചര്‍ച്ചയാണ്. എന്നാല്‍ രജനികാന്തിന്‍റെയോ അദ്ദേഹത്തിന്‍റെ ടീമിന്‍റെയോ പ്രതികരണങ്ങളൊന്നും ഇക്കാര്യത്തില്‍ ഇനിയും വന്നിട്ടില്ല.
74 വയസുണ്ട് രജനികാന്തിന് ഇപ്പോൾ. അദ്ദേഹത്തിന്‍റെ സ്റ്റൈലിലുള്ള മാസ് ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഒട്ടേറെ ആക്ഷന്‍ രംഗങ്ങളിലും അഭിനയിക്കേണ്ടി വരുന്നുണ്ട്. പ്രായത്തിന്റേതായ പ്രശ്നങ്ങള്‍ കാരണം ഇത്തരം രംഗങ്ങളുടെ പൂര്‍ത്തീകരണത്തില്‍ പ്രായോഗിക തടസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. രജനികാന്ത് ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഡ്യൂപ്പുകളെ കൂടുതല്‍ ഉപയോഗിക്കുന്നതായി അടുത്ത കാലത്ത് വിമര്‍ശനമായി ഉയര്‍ന്നിരുന്നു.
ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ ഒടുവിലെത്തിയ കൂലി’യുടെ ചിത്രീകരണത്തിനിടെ രജനികാന്തിന് പരിക്കേറ്റതായും വാര്‍ത്തകള്‍ വന്നിരുന്നു. കുടുംബവും സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് വിരമിക്കല്‍ തീരുമാനത്തിലേക്ക് രജനികാന്ത് എത്തിയതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.











