
സംവിധായിക ഗീതുമോഹന്‍ദാസുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് യഷ് ചിത്രം ‘ടോക്‌സിക്: എ ഫെയറി ടെയ്ല്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ്’ എന്ന ചിത്രം അനിശ്ചിതമായി നിര്‍ത്തിവെച്ചുവെന്ന വാര്‍ത്തകള്‍ പരോക്ഷമായി തള്ളി നിര്‍മാതാക്കള്‍ രംഗത്ത്.
ചിത്രം നേരത്തെ പ്രഖ്യാപിച്ച തീയതിയില്‍ തന്നെ പ്രദര്‍ശനത്തിനെത്തുമെന്ന് കെ വി എന്‍ പ്രൊഡക്ഷന്‍സ് വ്യക്തമാക്കി. അടുത്ത വര്‍ഷം മാര്‍ച്ച് 19ന് ഉഗാദി ആഘോഷത്തോട് അനുബന്ധിച്ച് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
ടോക്‌സിക്’ നിര്‍ത്തിവെക്കുകയോ റിലീസ് വൈകുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി നിരൂപകനും നിരീക്ഷകനുമായ തരണ്‍ ആദര്‍ശ് എക്‌സില്‍ പങ്കുവെച്ച കുറിപ്പ് റീ- ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കെവിഎന്‍ നിർമ്മാണകമ്പനി റിലീസ് തീയതി ആവര്‍ത്തിച്ചത്.
അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് തരണ്‍ ആദര്‍ശ് ട്വീറ്റില്‍ കുറിച്ചിരുന്നു. യഷിന് സംവിധായികയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ചിത്രം പൂർണമായും നിര്‍ത്തി വെച്ചുവെന്നായിരുന്നു നേരത്തെ കന്നഡ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഗീതു ഷൂട്ട് ചെയ്ത ഭാഗങ്ങളില്‍ യഷ് തൃപ്തനല്ലാത്തതിനാൽ ചിത്രീകരണം നിര്‍ത്തിവെച്ചുവെന്നും ഉഗാദി ആഘോഷത്തോട് അനുബന്ധിച്ച് റിലീസ് ഉണ്ടാവില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വാർത്തകൾ പ്രചരിച്ചത്.











