
മെഗാ സ്റ്റാർ മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘കളങ്കാവൽ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങും. ‘കുറുപ്പി’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം നവംബർ 27-ന് ആഗോള റിലീസായി തിയറ്ററുകളിൽ എത്തും.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘കളങ്കാവൽ’. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആകാംഷയോടെയാണ് പ്രേക്ഷകർ ഈ ക്രൈം ഡ്രാമയ്ക്കായി കാത്തിരിക്കുന്നത്.
ചിത്രത്തിലെ ആദ്യ ഗാനമായ “നിലാ കായും” അടുത്തിടെ പുറത്തിറങ്ങിയിരുന്നു. റെട്രോ ഫീൽ നൽകുന്ന ഈ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ ഗംഭീര പ്രകടനങ്ങൾ നിറഞ്ഞ ഒരു ത്രില്ലിംഗ് ഡ്രാമയായിരിക്കും ‘കളങ്കാവൽ’ എന്നാണ് ടീസറും മറ്റ് അപ്ഡേറ്റുകളും നൽകുന്ന സൂചന. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.











