വീണ്ടും വിസ്മയിപ്പിക്കാൻ മമ്മൂട്ടി; വിനായകനൊപ്പം ‘കളങ്കാവൽ’ ട്രെയ്‌ലർ പുറത്ത്

മെഗാസ്റ്റാർ മമ്മൂട്ടിയും നടൻ വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘കളങ്കാവൽ’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറങ്ങി. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ‘മമ്മൂട്ടി മാജിക്’ ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ കെ. ജോസാണ്. സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥാകൃത്ത് കൂടിയായ ജിതിൻ കെ. ജോസിന്റെ സംവിധാന അരങ്ങേറ്റം കൂടിയാണ് ‘കളങ്കാവൽ’. മമ്മൂട്ടി എന്ന മഹാനടന്റെ അവിസ്മരണീയമായ വേഷപ്പകർച്ചയും ഗംഭീര പ്രകടനം കൊണ്ട് വിനായകനും ചിത്രത്തിൽ കയ്യടി നേടുമെന്ന് ട്രെയ്‌ലർ ഉറപ്പുനൽകുന്നു.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിൽ എത്തുക. വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. മുജീബ് മജീദ് ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഫൈസൽ അലിയുടെ ഗംഭീര ദൃശ്യങ്ങളുമാണ് ചിത്രത്തിന്റെ മറ്റ് പ്രധാന ആകർഷണങ്ങൾ. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് ‘കളങ്കാവൽ’.