
പൃഥ്വിരാജ് സുകുമാരനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ‘വിലായത്ത് ബുദ്ധ’യുടെ ആകാംക്ഷ ഉയർത്തുന്ന ട്രെയിലർ ഔദ്യോഗികമായി പുറത്തിറങ്ങി. ലുലു മാളിൽ നടന്ന ചടങ്ങിൽ ആണ് താരം ട്രെയിലർ ലോഞ്ച് ചെയ്തത്. വനത്തെയും ഗ്രാമങ്ങളെയും വിറപ്പിച്ച ഡബിൾ മോഹന്റെ കഥ ശക്തമായ ദൃശ്യഭംഗിയോടെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. നവംബർ 21ന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും.
ഉർവ്വശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ, പൃഥ്വിരാജ് ഇതുവരെ കാണാത്ത രീതിയിലുള്ള ഒരു മേക്കോവറിലാണ് എത്തുന്നത്. ശക്തമായ ആക്ഷൻ രംഗങ്ങളും ത്രില്ലോടെയുള്ള മുഹൂർത്തങ്ങളുമാണ് ട്രെയിലറിൽ പ്രധാനമായും ശ്രദ്ധ നേടുന്നത്. സിനിമയിൽ ഷമ്മി തിലകനും പ്രധാന വേഷത്തിലുണ്ട്.
മറയൂരിലെ പ്രശസ്തമായ ചന്ദനക്കാടുകളെയാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമാക്കുന്നത്. ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’യെ അതേ പേരിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകൾ, ടീസർ, ‘കാട്ടുരാസ’ ഗാനം എന്നിവ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അടുത്തിടെ പുറത്തുവന്ന പ്രൊമോ സോങ് സ്റ്റിൽസും പ്രേക്ഷകരുടെ ആവേശം കൂട്ടിയിട്ടുണ്ട്.
‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം ഉർവ്വശി തിയേറ്റേഴ്സിന്റെ ബാനറിൽ ഒരുക്കുന്ന മറ്റൊരു വമ്പൻ പ്രോജക്റ്റാണ് ‘വിലായത്ത് ബുദ്ധ’. എ.വി. അനൂപുമായി ചേർന്ന് എവിഎ പ്രൊഡക്ഷൻസ് ചിത്രത്തിന് സഹനിർമാണം നൽകുന്നു. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. പക, പ്രതികാരം, പ്രണയം എന്നിവ ചേർന്നൊരു ത്രില്ലറായി ചിത്രം എത്തുന്നു. പൃഥ്വിരാജിനൊപ്പം ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം എന്നിവരും അഭിനയിക്കുന്നു.
ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം അരവിന്ദ് കശ്യപ്പും രെണദേവും നിർവഹിക്കുന്നു. എഡിറ്റിംഗ്, പ്രൊഡക്ഷൻ ഡിസൈൻ, സൗണ്ട്, സ്റ്റണ്ട്സ്, വിഎഫ്എക്സ്, പ്രമോഷൻസ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി പരിചയസമ്പന്നരായ ടെക്നീഷ്യന്മാർ ചിത്രത്തോടൊപ്പം ചേർന്നിട്ടുണ്ട്.











