വിസ്മയ മോഹൻലാൽ നായികയാകുന്നു; ജൂഡ് ആന്റണി ചിത്രം ‘തുടക്കം’ ചിത്രീകരണം ആരംഭിച്ചു

മെഗാഹിറ്റ് ചിത്രം ‘2018’ന് ശേഷം സംവിധായകൻ ജൂഡ് ആന്റണി ജോസഫ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രം ‘തുടക്ക’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി നായികയായി എത്തുന്നു എന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്. നവംബർ 17 തിങ്കളാഴ്ച കുട്ടിക്കാനത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് കഴിഞ്ഞ ഒക്ടോബർ 30-ന് കൊച്ചിയിൽ നടന്നിരുന്നു.

ലോഞ്ചിംഗ് വേളയിൽ, ‘തുടക്കം’ ഒരു കൊച്ചുകുടുംബ ചിത്രമായിരിക്കുമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ കഥാതന്തുവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ലെങ്കിലും, ചില മാജിക്കൽ കൗതുകങ്ങൾ സിനിമയിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

ഈ ചിത്രത്തിലൂടെ മറ്റൊരു ശ്രദ്ധേയമായ അരങ്ങേറ്റം കൂടി നടക്കുന്നുണ്ട്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകനായ ആശിഷ് ജോ ആന്റണി സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മുഖ്യധാര സിനിമയുടെ ഭാഗമാകാനൊരുങ്ങുകയാണ്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ എന്ന ചിത്രത്തിലൂടെ ആശിഷ് സിനിമയിൽ ഇതിനോടകം സാന്നിധ്യം അറിയിച്ചിരുന്നു.

വിസ്മയ മോഹൻലാൽ, ആശിഷ് ജോ ആന്റണി എന്നിവർക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ‘തുടക്ക’ത്തിൽ അണിനിരക്കുന്നുണ്ട്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജെയ്ക്സ് ബിജോയ് സംഗീതവും ജോമോൻ ടി. ജോൺ ഛായാഗ്രഹണവും നിർവഹിക്കുന്നു.