
കരിയറില് ഇതുവരെ കാണാത്ത വേഷപ്പകര്ച്ചയില് ഹണി റോസ് എത്തുന്ന ‘റേച്ചല്’ എന്ന സിനിമയിലെ ബാബുരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര് പോസ്റ്റര് പുറത്ത്. ചിത്രത്തില് പോത്തുപാറ ജോയ് എന്ന കഥാപാത്രമായാണ് താരം എത്തുന്നത്.
ക്രിസ്മസ് റിലീസായി ഡിസംബര് ആറിന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന് സഹനിര്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനംചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ച് ചടങ്ങ് കൊച്ചിയില് നടന്നിരുന്നു. സംവിധായകന് വിനയനാണ് ട്രെയ്ലര് പുറത്തിറക്കിയിരുന്നത്. ഓഡിയോ ലോഞ്ച് സംവിധായകന് ലാല് ജോസും നിര്മാതാവ് ജോബി ജോര്ജും ചേര്ന്നാണ് നിര്വഹിച്ചത്. രണ്ടുപതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരി റേച്ചലായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. റേച്ചലിന്റെ പിതാവായ പോത്തുപാറ ജോയിയായി ബാബുരാജും ശ്രദ്ധേയവേഷത്തിലെത്തുന്നു. ഗംഭീര സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് ട്രെയ്ലര് നല്കുന്ന സൂചന.











