‘ഉറി’ സംവിധായകന്റെ അടുത്ത ചിത്രം! സാറാ അർജുൻ അരങ്ങേറ്റം കുറിക്കുന്ന ‘ധുരന്ദർ’ ഡിസംബർ 5 ന്.

ബോളിവുഡ് സൂപ്പർതാരം രൺവീർ സിംഗ് നായകനാകുന്ന മാസ് ആക്ഷൻ സ്പൈ ത്രില്ലർ ചിത്രം ‘ധുരന്ദറി’ന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ, മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരം സാറാ അർജുൻ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

‘ഉറി: ദ് സർജിക്കൽ സ്ട്രൈക്ക്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആദിത്യ ധർ ആണ് ‘ധുരന്ദർ’ ഒരുക്കിയിരിക്കുന്നത്. ഉജ്ജ്വലമായ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ട്രെയിലർ. രൺവീർ സിംഗ് ഒരു ചാരന്റെ വേഷത്തിലെത്തുന്ന ഈ സിനിമയിൽ അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിലെ ആർ. മാധവന്റെ ലുക്കും, ബാലതാരമായി തിളങ്ങിയ സാറാ അർജുന്റെ ഗ്ലാമറസ് മേക്കോവറും മുൻപ് തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിരുന്നു. ബി62 സ്റ്റുഡിയോസും ജിയോ സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ‘ധുരന്ദർ’ 2025 ഡിസംബർ 5 ന് ആഗോളതലത്തിൽ റിലീസ് ചെയ്യും.