ഹ്രസ്വചിത്രം ‘ആരോ’ക്കെതിരെ വിമർശനം: വ്യാജ ബുജികൾക്ക് മറുപടിയുമായി ജോയ് മാത്യു

സംവിധായകൻ രഞ്ജിത്ത് ഒരുക്കിയ ഏറ്റവും പുതിയ ഹ്രസ്വചിത്രം ‘ആരോ’ക്ക് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. ശ്യാമപ്രസാദും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തതിന് പിന്നാലെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

‘ആരോ’ റിലീസായ ശേഷമാണ് ഭൂമി മലയാളത്തിൽ ആൺ പെൺ വ്യത്യാസമില്ലാതെ ഇത്രയധികം ‘വ്യാജ ബുജികൾ’ ഉണ്ടെന്ന് താൻ തിരിച്ചറിഞ്ഞതെന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിനെതിരെ ചിലർക്ക് അസഹിഷ്ണുതയും, മറ്റുചിലർക്ക് വ്യക്തിവിരോധവുമാണുള്ളതെന്നും അദ്ദേഹം പരിഹസിക്കുന്നു.

വിമർശനം ഉന്നയിക്കുന്നവർ ടാർക്കോവ്‌സ്‌കിയെയും കിസ്‌ലോവ്‌സ്‌കിയെയും തലയിൽ ചുമന്ന് നടക്കുന്നവരാണെന്നും, അങ്ങനെയുള്ളവർക്ക് വേണ്ടിയുള്ളതല്ല ‘ആരോ’ എന്നും ജോയ് മാത്യു പറഞ്ഞു. ഒരു കലാസൃഷ്ടി വീണ്ടും കാണാൻ പ്രേരണ നൽകുന്നുണ്ടെങ്കിൽ അത് നല്ല സൃഷ്ടിയാണെന്നും, ഈ ഹ്രസ്വചിത്രം തന്നെ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് താൻ ഈ കാവ്യത്തെ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ എത്രത്തോളം ജനപ്രിയമായി എന്ന് അതിൽ നിന്ന് തന്നെ മനസിലാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.