
ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്. രാജമൗലി ചിത്രം ‘വാരണസി’യുടെ ടൈറ്റിൽ പ്രഖ്യാപന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് സുകുമാരനും തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിനുമൊപ്പമുള്ള ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവെച്ചത്.
മലയാളം, തെലുങ്ക് സിനിമകളിലെ ഈ ‘ഇതിഹാസ താരങ്ങൾക്കൊപ്പം’ രാജമൗലി ചിത്രത്തിൽ ഒന്നിക്കാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പ്രിയങ്ക ചോപ്ര സമൂഹമാധ്യമത്തിൽ കുറിച്ചു. റിലീസിന് ഒരു വർഷം മുൻപേ സിനിമയുടെ പ്രൊമോഷൻ ആരംഭിച്ചതിലുള്ള ആവേശവും താരം പങ്കുവെച്ചു. “ദൈവകൃപയാൽ, ഞങ്ങൾ നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരും. ജയ് ശ്രീറാം,” എന്നും പ്രിയങ്ക കുറിച്ചു.
900 കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങുന്ന ‘വാരണസി’ രാജ്യത്തെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും. ചിത്രത്തിൽ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. മഹേഷ് ബാബു ആദ്യമായി ഒരു പുരാണ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, പ്രതിനായകനായ ‘കുംഭ’യെയാണ് പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്നത്. പല ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2027-ൽ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.











