മമ്മൂട്ടിയുടെ വീട്ടിൽ വി.കെ. ശ്രീരാമൻ; മമ്മൂട്ടി ഫോട്ടോഗ്രാഫറായ അനുഭവം പങ്കുവെച്ചു

സൂപ്പർതാരം മമ്മൂട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയതിന്റെ രസകരമായ അനുഭവം പങ്കുവെച്ച് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. ഭാര്യയോടൊപ്പമാണ് ശ്രീരാമൻ മമ്മൂട്ടിയെ കൊച്ചിയിലെ വീട്ടിലെത്തി കണ്ടത്. ഈ സൗഹൃദ സന്ദർശനത്തിനിടെ മമ്മൂട്ടിക്ക് ഫോട്ടോഗ്രഫിയിലുള്ള കമ്പം എത്രത്തോളമുണ്ടെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു.

മമ്മൂട്ടി തന്നെയാണ് ശ്രീരാമന്റെയും ഭാര്യയുടെയും മനോഹരമായ ചിത്രങ്ങൾ പകർത്തിയത്. മമ്മൂട്ടി ഒരു ‘കലാകാരനും രസികനുമാണ്’ എന്ന് വിശേഷിപ്പിച്ച ശ്രീരാമൻ, അദ്ദേഹം ഇടയ്ക്ക് ‘ചിരിക്കടാ’ എന്ന് ഗർജിക്കുമെന്നും തമാശയോടെ പറയുന്നുണ്ട്. ‘ഭ്രമയുഗം പോല്യൊക്കെ നമ്മക്ക് പറ്റ്വോ’ എന്ന അദ്ദേഹത്തിന്റെ ചോദ്യവും വി.കെ. ശ്രീരാമൻ കുറിപ്പിൽ ചേർത്തിട്ടുണ്ട്.

മമ്മൂട്ടിയും വി.കെ. ശ്രീരാമനും തമ്മിലുള്ള അടുത്ത സൗഹൃദം പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള പഴയകാല ചിത്രങ്ങളും ഫോൺ സംഭാഷണങ്ങളുടെ രത്നച്ചുരുക്കവുമെല്ലാം ശ്രീരാമൻ മുൻപും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. താരങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വിളിച്ചോതുന്നതാണ് വി.കെ. ശ്രീരാമന്റെ ഈ പുതിയ കുറിപ്പ്.