ദിലീപിന്റെ ‘ഭ.ഭ.ബ’ ഡിസംബർ 18-ന് തിയറ്ററുകളിൽ; മാസ് കോമഡി ആക്ഷൻ ചിത്രത്തിന്റെ പുതിയ പോസ്റ്റർ വൈറൽ

നടൻ ദിലീപിനെ നായകനാക്കി ഒരുങ്ങുന്ന ‘ഭ.ഭ.ബ’ (ഭയം ഭക്തി ബഹുമാനം) എന്ന മാസ് കോമഡി ആക്ഷൻ എന്റർടെയ്‌നർ ഡിസംബർ 18-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ‘വേൾഡ് ഓഫ് മാഡ്‌നെസ്സ്’ (World of Madness) എന്ന ടാഗ്‌ലൈനോടെയെത്തുന്ന ഈ സിനിമയ്ക്കായി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്.

നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു എന്നത് ചിത്രത്തിന്റെ ഹൈലൈറ്റാണ്.

മാത്രമല്ല, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീതം.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ‘ഭ.ഭ.ബ’ കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. ദിലീപിന്റെ കരിയറിലെ മറ്റൊരു ജനപ്രിയ ചിത്രമായി ‘ഭയം ഭക്തി ബഹുമാനം’ മാറും എന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാലോകവും.