ഇനി ചിരിയുടെ ‘പെറ്റ് ഡിറ്റക്ടീവ്’ വീട്ടിലെത്തും! ഷറഫുദ്ദീൻ ചിത്രം ഒടിടി റിലീസിന്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

നടൻ ഷറഫുദ്ദീൻ ടൈറ്റിൽ കഥാപാത്രമായി എത്തിയ കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രമായ ‘ദി പെറ്റ് ഡിറ്റക്ടീവ്’ ഒടിടി റിലീസിനൊരുങ്ങുന്നു. തിയറ്ററുകളിൽ പ്രേക്ഷകരെ ചിരിപ്പിച്ച ചിത്രം ഈ മാസം 28 മുതൽ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കും. സീ 5 (ZEE5) പ്ലാറ്റ്‌ഫോമിലൂടെയാണ് സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുന്നത്.

പ്രനീഷ് വിജയൻ സംവിധാനം ചെയ്ത ഈ കോമഡി ത്രില്ലർ, ടോണി ജോസ് അലുല എന്ന ഡിറ്റക്ടീവായി ഷറഫുദ്ദീൻ വേഷമിട്ട ചിത്രമാണ്. അനുപമ പരമേശ്വരൻ ആണ് ചിത്രത്തിലെ നായിക.

തിയറ്റർ അനുഭവം ഒടിടിയിലേക്ക്

ലോജിക്കിൻ്റെ ഭാരമില്ലാതെ, കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും യുവജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരുന്നത്. തിയറ്ററുകളിൽ ചിരിയുടെ പൂരം തീർത്ത ചിത്രം ഒടിടിയിൽ എത്തുന്നതിൽ സന്തോഷമുണ്ടെന്ന് നിർമ്മാതാവ് കൂടിയായ ഷറഫുദ്ദീൻ അറിയിച്ചു.

ഷറഫുദ്ദീൻ പ്രൊഡക്ഷൻസും ശ്രീ ഗോകുലം മൂവീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വിനയ് ഫോർട്ട്, രൺജി പണിക്കർ, വിജയരാഘവൻ, വിനായകൻ, ഷോബി തിലകൻ, ജോമോൻ ജ്യോതിർ, നിഷാന്ത് സാഗർ, ശ്യാം മോഹൻ, അൽത്താഫ് സലിം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിനവ് സുന്ദർ നായക് ആണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.