
പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കരുതൽ’ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് എറണാകുളം ചങ്ങമ്പുഴ പാർക്കിൽ വെച്ച് നടന്നു. ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
നടൻ ഹരിശ്രീ അശോകൻ, ഉമ തോമസ് എം.എൽ.എയ്ക്ക് ആദ്യ ഓഡിയോ സിഡി കൈമാറിയാണ് ലോഞ്ച് നിർവ്വഹിച്ചത്. പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സംഗീതം സ്വിച്ച് ഓൺ ചെയ്തു. സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും സിനിമയുടെ അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതലമുറയുടെ മാനസിക സംഘർഷങ്ങളും അവരുടെ ആകുലതകളുമാണ് ചിത്രം പ്രധാനമായും ചർച്ച ചെയ്യുന്നത്. അതോടൊപ്പം, അവർ പോകുമ്പോൾ ഒറ്റപ്പെട്ടുപോകുന്ന മാതാപിതാക്കളുടെ ജീവിത സാഹചര്യങ്ങളും അവരെ ലക്ഷ്യമിടുന്ന സീരിയൽ കില്ലേഴ്സും കഥാപരിസരവും ‘കരുതൽ’ മുന്നോട്ട് വെക്കുന്നു. ഇന്ത്യയ്ക്ക് പുറമെ യു.എസ്.എ., അയർലൻഡ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
നായകൻ പ്രശാന്ത് മുരളി, നായിക ഐശ്വര്യ നന്ദൻ എന്നിവരെ കൂടാതെ, കോട്ടയം രമേശ്, സുനിൽ സുഖദ, സിബി തോമസ്, ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി, വർഷ വിക്രമൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
പ്രശസ്ത ഛായാഗ്രാഹകൻ സാബു ജെയിംസാണ് ചിത്രത്തിന് തിരക്കഥയൊരുക്കി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്മിനേഷ് എന്നിവരുടെ വരികൾക്ക് ജോൺസൻ മങ്ങഴ ഈണം പകർന്നിരിക്കുന്നു. പ്രസീദ ചാലക്കുടി, പ്രദീപ് പള്ളുരുത്തി, കെസ്റ്റർ, ബിന്ദുജ പി.ബി., റാപ്പർ സ്മിസ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. അനിറ്റ് പി. ജോയി പശ്ചാത്തല സംഗീതവും സന്ദീപ് നന്ദകുമാർ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.











