‘അഖണ്ഡ 2’ ട്രെയിലർ തരംഗം: സ്വന്തം മാസ്മരിക പ്രകടനം കണ്ട് അത്ഭുതപ്പെട്ട് ബാലകൃഷ്ണ; വീഡിയോ വൈറൽ

തെലുങ്ക് സൂപ്പർ സ്റ്റാർ നന്ദമുരി ബാലകൃഷ്ണ (ബാലയ്യ) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘അഖണ്ഡ 2: താണ്ഡവം’-ന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ നടന്ന രസകരമായ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. സ്ക്രീനിൽ സ്വന്തം പ്രകടനം കണ്ട് ആവേശഭരിതനായി അതിശയം പ്രകടിപ്പിക്കുന്ന ബാലകൃഷ്ണയുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സംവിധായകൻ ബോയപതി ശ്രീനുവിനൊപ്പം വേദിയിൽ ഇരിക്കുകയായിരുന്ന ബാലകൃഷ്ണ, ട്രെയിലർ പ്രദർശിപ്പിക്കുന്നതിനിടെ, തൻ്റെ മാസ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും കണ്ടപ്പോൾ ആത്മനിയന്ത്രണം വിട്ട് ആർപ്പുവിളിക്കുകയും അദ്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. ഒരുവേള, തൻ്റെ കൈകൾ ഉയർത്തി, താൻ തന്നെയാണോ ഇത് ചെയ്തത് എന്ന മട്ടിൽ അമ്പരന്നു തലയാട്ടുന്നതും വിഡിയോയിൽ കാണാം.

‘അഖണ്ഡ 2: താണ്ഡവം’ തീർച്ചയായും വലിയ തിയേറ്റർ അനുഭവമായിരിക്കും നൽകുക എന്നതിൻ്റെ സൂചനയാണ് ഈ ആവേശപ്രകടനമെന്നാണ് ആരാധകർ പറയുന്നത്.

മലയാളി താരം സംയുക്തയും ഒപ്പം
ചിത്രത്തിലെ നായികയായ മലയാളി താരം സംയുക്ത മേനോനും ഈ സമയം ബാലകൃഷ്ണയുടെ അടുത്ത വേദിയിൽ ഉണ്ടായിരുന്നു. താരത്തിൻ്റെ ആവേശത്തിന് സാക്ഷിയായ സംയുക്തയും ചിരിയോടെ ഈ നിമിഷത്തിൽ പങ്കുചേർന്നു.

2021-ൽ വൻ ഹിറ്റായി മാറിയ ‘അഖണ്ഡ’യുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ബോയപതി ശ്രീനുവും ബാലകൃഷ്ണയും വീണ്ടും ഒന്നിക്കുന്ന ചിത്രം ഡിസംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. പാൻ ഇന്ത്യൻ തലത്തിൽ വലിയ റിലീസിന് ഒരുങ്ങുന്ന ചിത്രം, ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. വില്ലൻ വേഷത്തിൽ ആദി പിന്നിസെട്ടിയും ചിത്രത്തിലുണ്ട്.

ബാലകൃഷ്ണയുടെ ഈ ‘സ്വയം ആസ്വാദനം’ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾക്കും രസകരമായ കമന്റുകൾക്കും വഴിവെച്ചിട്ടുണ്ട്. “സ്വന്തം അഭിനയം കണ്ട് ഞെട്ടിയ ഒരേയൊരു നടൻ!”, “ഇങ്ങേരെ സമ്മതിക്കണം” എന്നിങ്ങനെയാണ് ആരാധകരുടെയും ട്രോൾ പേജുകളുടെയും കമന്റുകൾ.