
ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുര കണക്ക്’. ഡിസംബർ നാലിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ‘കൊലുസണിഞ്ഞേ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.
നിഷാന്ത് കോടമനയുടെ വരികൾക്ക് പ്രശാന്ത് അലക്സ് ആണ് സംഗീതം പകർന്നിരിക്കുന്നത്. പ്രമുഖ ഗായകൻ ജാസി ഗിഫ്റ്റ്, ക്രിസ്റ്റ കല, സായന്ത് എസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഹരീഷ് പേരടി പ്രൊഡക്ഷൻസ്, എൻ എം മൂവീസ് എന്നീ ബാനറുകളില്‍ ഹരീഷ് പേരടി, നസീർ എൻ എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എ ശാന്തകുമാർ ആണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ഹരീഷ് പേരടിയുടെ മകൻ വിഷ്ണു പേരടി ചിത്രത്തിൽ ഹരി എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വിഷ്ണു പേരടി, പ്രദീപ് ബാല, രമേഷ് കാപ്പാട്, ദേവരാജ്, പ്രശാന്ത് കാഞ്ഞിരമറ്റം, ബെൻ, നിഷ സാരംഗ്, സനൂജ, ആമിന നിജാം, കെപിഎസി ലീല, രമാദേവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ഛായാഗ്രഹണം എൽദോ ഐസക്ക്, എഡിറ്റിംഗ് അയൂബ് ഖാൻ, കലാസംവിധാനം മുരളി ബേപ്പൂര്‍, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ. സന്തോഷ് വർമ്മ, നിഷാന്ത് കൊടമന എന്നിവരുടെ വരികൾക്ക് പ്രകാശ് അലക്‌സ് സംഗീതം പകരുമ്പോൾ ഹരിശങ്കർ, ജാസി ഗിഫ്റ്റ്, നിത്യ മാമ്മൻ എന്നിവരും ഗായകരുടെ നിരയിലുണ്ട്.
ഡിസംബർ നാലിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിനായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.











