മമ്മൂട്ടിയുടെ ‘കളങ്കാവൽ’ ഡിസംബർ 5ന് തിയേറ്ററുകളിൽ; കൗണ്ട്‌ഡൗൺ പോസ്റ്റർ പുറത്തിറക്കി

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ക്രൈം ത്രില്ലർ ചിത്രം ‘കളങ്കാവൽ’ റിലീസിന് തയ്യാറെടുക്കുന്നു. ചിത്രം തിയേറ്ററുകളിൽ എത്താൻ ഇനി പത്ത് ദിവസം മാത്രം ശേഷിക്കെ, അണിയറപ്രവർത്തകർ ചിത്രത്തിന്റെ കൗണ്ട്‌ഡൗൺ പോസ്റ്റർ പുറത്തിറക്കി. വിനായകൻ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തിന്റെ ചിത്രം ഉൾക്കൊള്ളുന്നതാണ് പുതിയ പോസ്റ്റർ.

ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവൽ’ ഡിസംബർ 5-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ എന്ന സിനിമയുടെ കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘കളങ്കാവൽ’.

ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് വേഫറർ ഫിലിംസാണ്.

നേരത്തെ പുറത്തിറങ്ങിയ ‘കളങ്കാവലി’ന്റെ ട്രെയ്‌ലർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി എന്ന നടന്റെ മാന്ത്രിക പ്രകടനം ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചന ട്രെയ്‌ലർ നൽകുന്നുണ്ട്. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ, മമ്മൂട്ടിക്കൊപ്പം വിനായകന്റെ പ്രകടനത്തിനും മികച്ച കൈയ്യടി ലഭിക്കുമെന്നും ട്രെയ്‌ലർ ഉറപ്പുനൽകുന്നു. ട്രെയ്‌ലറിന് മുൻപ് പുറത്തിറങ്ങിയ “നിലാ കായും” എന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.