മോഹൻലാൽ മകൾ വിസ്മയയുടെ അരങ്ങേറ്റ ചിത്രം ‘തുടക്ക’ത്തിന്റെ സെറ്റിൽ; ജൂഡ് ആന്റണിയുമായി കൂടിക്കാഴ്ച

ചലച്ചിത്രലോകം ആകാംഷയോടെ കാത്തിരിക്കുന്ന വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്ക’ത്തിന്റെ ലൊക്കേഷനിൽ സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥിയായി എത്തി. പ്രകൃതിരമണീയമായ കുട്ടിക്കാനത്തായിരുന്നു താരത്തിന്റെ അപ്രതീക്ഷിത സന്ദർശനം.

മകൾ സിനിമാ ലോകത്തേക്ക് കാൽവെക്കുന്നതിന്റെ ആവേശം പങ്കുവെക്കാൻ എത്തിയ മോഹൻലാൽ ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫുമായും നിർമാതാവ് ആന്റണി പെരുമ്പാവൂരുമായും സിനിമയുടെ വിശേഷങ്ങൾ പങ്കിട്ടു. ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

‘2018’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ആശീർവാദ് സിനിമാസിന്റെ 37-ാമത് നിർമാണമാണ്. വിസ്മയ ചിത്രത്തിൽ ‘മീനു’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വിസ്മയയെ കൂടാതെ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ‘തുടക്ക’ത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മോഹൻലാലും ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ നിലവിലുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. വിസ്മയയുടെ സിനിമാ പ്രവേശനത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.