
മലയാള സിനിമയുടെ പ്രിയതാരം നിവിൻ പോളി ആദ്യമായി വെബ് സീരീസ് ലോകത്തേക്ക് ചുവടുവെക്കുന്ന ‘ഫാർമ’ ജിയോ ഹോട്ട്‌സ്റ്റാറിൽ ഉടൻ പ്രദർശനത്തിനെത്തും. മരുന്നുവ്യവസായത്തിന്റെ ഇരുണ്ട രഹസ്യങ്ങൾ പശ്ചാത്തലമാക്കിയുള്ള ഈ സീരീസിന്റെ ആകാംഷയുണർത്തുന്ന ഗ്ലിംസ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
‘ഫൈനൽസ്’ എന്ന ശ്രദ്ധേയ ചിത്രത്തിലൂടെ ശ്രദ്ധേയനായ പി.ആർ. അരുൺ ആണ് ‘ഫാർമ’യുടെ സംവിധാനം നിർവ്വഹിക്കുന്നത്. മലയാള സിനിമ പ്രേമികൾക്ക് ഏറെ പരിചിതനായ ബോളിവുഡ് താരം രജിത് കപൂർ, ഒരു പ്രധാന കഥാപാത്രമായി ഈ സീരീസിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 25 വർഷങ്ങൾക്ക് മുമ്പ് ‘അഗ്നിസാക്ഷി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.
യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സീരീസ് ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ പി.ആർ. അരുൺ വെളിപ്പെടുത്തി. അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണം നിർവ്വഹിക്കുകയും ജേക്സ് ബിജോയ് സംഗീതം പകരുകയും ചെയ്യുന്ന ഈ സീരീസ് മലയാളത്തിലെ ഒറിജിനൽ ഒടിടി പ്രൊഡക്ഷനുകളുടെ നിലവാരം ഉയർത്തുമെന്നാണ് പ്രതീക്ഷ. നിവിൻ പോളിയുടെ ആരാധകരും ഒടിടി പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് ‘ഫാർമ’യുടെ റിലീസിനായി കാത്തിരിക്കുന്നത്.











