
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3 യുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടുകൾ ആരാധകർക്കിടയിൽ ആശങ്ക പരത്തിയ സാഹചര്യത്തിൽ, സംവിധായകൻ ജീത്തു ജോസഫ് വിശദീകരണവുമായി രംഗത്തെത്തി. ‘ദൃശ്യം 3’ യുടെ റൈറ്റ്സുകൾ സംബന്ധിച്ച വാർത്തകൾ മലയാള സിനിമ പ്രേക്ഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു.ദൃശ്യം സീരീസിൻ്റെ ഹിന്ദി പതിപ്പ് നിർമ്മിച്ച പനോരമ സ്റ്റുഡിയോസ്, ദൃശ്യം 3-യുടെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ ഉൾപ്പെടെയുള്ളവ സ്വന്തമാക്കിയെന്ന വാർത്തയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതോടെ, ഒറിജിനൽ മലയാളം പതിപ്പിന് മുൻപ് ഹിന്ദി റീമേക്ക് റിലീസ് ചെയ്യുമോ എന്ന ചോദ്യമുയർന്നു.
പനോരമ സ്റ്റുഡിയോസുമായുള്ള സഹകരണം സംബന്ധിച്ച് നിരവധി പേർ തന്നെ വിളിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ ജീത്തു ജോസഫ്, മലയാളികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ഉറപ്പ് നൽകി. ‘ദൃശ്യം 3’ ആദ്യം റിലീസ് ചെയ്യുന്നത് മലയാളത്തിൽ തന്നെയായിരിക്കും. ഹിന്ദി റിലീസ്, മലയാളം റിലീസിന് ശേഷം മൂന്നോ നാലോ മാസത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ സംഭവിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
“ദൃശ്യം 3 മലയാളത്തിൽ തന്നെയാകും ആദ്യം വരിക. കേരളത്തിലെ റിലീസിംഗ് ഡേറ്റും മറ്റ് കാര്യങ്ങളും തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസും തന്നെയാണ്. പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തിരിക്കുന്നത് പുറത്തുള്ള റിലീസാണ്,” ജീത്തു ജോസഫ് റിപ്പോർട്ടറോട് പറഞ്ഞു.
പ്രചരിക്കുന്നതുപോലെ ദൃശ്യം 3-യുടെ റീമേക്ക് റൈറ്റ്സ് (Remake Rights) പനോരമ സ്റ്റുഡിയോസിന് കൈമാറിയിട്ടില്ലെന്നും, അത് ആശിർവാദ് സിനിമാസിൻ്റെ കൈവശം തന്നെയാണെന്നും സംവിധായകൻ സ്ഥിരീകരിച്ചു.
“റീമേക്ക് റൈറ്റ്‌സ് നൽകിയിട്ടില്ല. അത് നമ്മുടെ കൈയ്യിൽ തന്നെയാണ്. പക്ഷെ അവർക്ക് ചില റെവന്യൂ റൈറ്റ്‌സ് (Revenue Rights) ലഭിക്കും. മലയാളത്തിൽ ദൃശ്യം പുറത്തിറങ്ങി മൂന്നോ നാലോ മാസത്തിന് ശേഷമേ ഹിന്ദിയിൽ റിലീസ് ചെയ്യൂ. അത്തരത്തിലാണ് കരാറിലെ നിബന്ധനകൾ വെച്ചിരിക്കുന്നത്. ഇപ്പോൾ രേഖകൾ കണ്ടപ്പോൾ ആളുകൾക്ക് എല്ലാ റൈറ്റ്‌സും വിറ്റുപോയി എന്ന ആശങ്കയുണ്ടായതാണ്, അങ്ങനെയല്ല കാര്യങ്ങൾ,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പുതിയ പങ്കാളിത്തം വഴി വരും കാലങ്ങളിൽ മലയാള സിനിമയ്ക്ക് ഗുണകരമാകുന്ന മാറ്റങ്ങളുണ്ടാകുമെന്നും കൂടുതൽ വിവരങ്ങൾ നിർമ്മാതാവ് ഉടൻ പങ്കുവെക്കുമെന്നും ജീത്തു ജോസഫ് അറിയിച്ചു.
നിലവിൽ, ദൃശ്യം 3 മലയാളം പതിപ്പിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഡിസംബർ ആദ്യ വാരത്തോടെ ചിത്രീകരണം പൂർത്തിയാകുമെന്നും 2026-ൽ ചിത്രം തിയേറ്ററിൽ എത്തുമെന്നുമാണ് റിപ്പോർട്ടുകൾ.











