
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘കളങ്കാവൽ’ എന്ന ചിത്രം റിലീസിനൊരുങ്ങുമ്പോൾ ആരാധകരുടെ ആകാംഷ വർധിക്കുകയാണ്. നവാഗതനായ ജിതിൻ ജോസ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലറാണ് ‘കളങ്കാവൽ’. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി, മമ്മൂട്ടിയുമൊത്തുള്ള അഭിനയ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ വിനായകൻ.
മമ്മൂട്ടിയെപ്പോലെ സീനിയറായ ഒരു താരത്തിനൊപ്പം അഭിനയിക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്നാണ് വിനായകൻ അഭിപ്രായപ്പെട്ടത്. മമ്മൂട്ടിക്കമ്പനിക്ക് നൽകിയ അഭിമുഖത്തിലാണ് വിനായകന്റെ പ്രതികരണം.
“മമ്മൂക്കയുമായി വർക്ക് ചെയ്യാൻ വളരെ എളുപ്പമാണ്. അദ്ദേഹം വളരെ സൂപ്പർ സീനിയറാണ്, കാര്യങ്ങളെല്ലാം അദ്ദേഹത്തിന് നന്നായി അറിയാം. അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ എനിക്ക് ഒട്ടും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അതിന് ഞാൻ സാറിനോട് വളരെയധികം നന്ദി പറയുന്നു,” വിനായകൻ പറഞ്ഞു.
തന്റെ കഥാപാത്രത്തിനായി ഒരു ബോഡി ലാംഗ്വേജ് രൂപപ്പെടുത്തിയ ശേഷമാണ് മമ്മൂട്ടി സെറ്റിലെത്തിയത്. അതിനുശേഷം ഡയലോഗുകളിൽ ചില മാറ്റങ്ങൾ വരുത്തി. “സാറിന് നല്ല അനുഭവസമ്പത്തുള്ളതുകൊണ്ട് തന്നെ ‘അത്രയൊന്നും പറയണ്ട’, ‘ഇത്രയും പറഞ്ഞാൽ മതി’ എന്നൊക്കെ അദ്ദേഹം എനിക്ക് പറഞ്ഞു തന്നു. ഡയലോഗുകൾ സ്വാഭാവികമായി അവതരിപ്പിക്കാൻ സാർ എന്നെ ഒരുപാട് സഹായിച്ചു,” വിനായകൻ കൂട്ടിച്ചേർത്തു.
ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥാകൃത്തായ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കളങ്കാവൽ’. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നേരത്തെ നവംബർ 27-ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബർ 5-നാണ് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുക.
മമ്മൂട്ടികമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രമാണിത്. എട്ട് മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ സിനിമാ പ്രേമികൾ വലിയ പ്രതീക്ഷയോടെയാണ് ‘കളങ്കാവലി’നായി കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷപ്പകർച്ചയാണ് ചിത്രത്തിലേതെന്ന സൂചന ടീസറുകളും പോസ്റ്ററുകളും നൽകുന്നു. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിട്ടുള്ളത്.











