അനുമോളിൽ നിന്ന് അകലം; കാരണം താരം അല്ല: വിനു വിജയ്

ബിഗ് ബോസ് മലയാളം സീസൺ 7-ലെ മത്സരാർത്ഥികൾക്കൊപ്പം തന്നെ ശ്രദ്ധ നേടിയ വ്യക്തിയാണ് പിആർ കൺസൾട്ടന്റായ വിനു വിജയ്. കഴിഞ്ഞ സീസണിൽ ജിന്റോയ്ക്ക് വേണ്ടി പിആർ കൈകാര്യം ചെയ്ത വിനു, ഈ സീസണിൽ അനുമോൾ, ശൈത്യ എന്നിവർക്കുവേണ്ടിയും പ്രവർത്തിച്ചിരുന്നു. എന്നാൽ, അനുമോളുടെ പിആർ തുകയും പ്രവർത്തനങ്ങളും സംബന്ധിച്ച് ബിഗ് ബോസിനകത്തും പുറത്തും വലിയ വിമർശനങ്ങളും ചർച്ചകളും ഉയർന്നിരുന്നു.

ഈ സാഹചര്യത്തിൽ, അനുമോളിൽ നിന്ന് താൻ അൽപം അകലം പാലിക്കാൻ ആലോചിക്കുന്നതായി വിനു വിജയ് അറിയിച്ചു. എന്നാൽ ഇതിന് കാരണം അനുമോൾ അല്ലെന്നും, അവർ നല്ല വ്യക്തിയാണെന്നും വിനു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ഇതൊരു വിശദീകരണ പോസ്റ്റ് അല്ലെങ്കിലും ചില കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. “യൂട്യൂബിൽ എന്നെ നെഗറ്റീവായി ചിത്രീകരിക്കുന്ന നിരവധി ചർച്ചകൾ ഞാൻ കേൾക്കുന്നുണ്ട്. ചിലർ അനുമോളെയും നെഗറ്റീവായി ചിത്രീകരിക്കുന്നു. എനിക്ക് ഈ ചർച്ചകളിൽ പങ്കുചേരാനോ അതിന്റെ ഭാഗമാകാനോ താൽപര്യമില്ല. ദയവായി അനുമോൾക്ക് അവൾ അർഹിക്കുന്ന സ്ഥാനം നൽകുക. അവൾ കരിയറിലെ വിജയകരമായ ഒരു ഘട്ടം ആസ്വദിക്കുകയാണ്.”

“അനുമോളുടെ ആരാധകരിൽ നിന്നും കുടുംബത്തിൽ നിന്നും എന്നിൽ നിന്ന് അകന്നു നിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ട് തുടർച്ചയായി സന്ദേശങ്ങൾ ലഭിക്കുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ കുറച്ച് അകലം പാലിക്കുന്നത് നല്ലതായിരിക്കും എന്ന് എനിക്ക് തോന്നി,” വിനു പറയുന്നു.

അനുമോൾക്ക് ഈ കാര്യങ്ങളിൽ യാതൊരു പങ്കുമില്ലെന്നും അവൾ വളരെ നല്ല വ്യക്തിയാണെന്നും വിനു ഉറപ്പിച്ചു പറഞ്ഞു. “എന്റെ ജീവിതവും പുതിയ പ്രോജക്റ്റുകളുമായി മുന്നോട്ട് പോകാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഞങ്ങൾ ഇപ്പോഴും നല്ല ബന്ധത്തിലാണ്, അത് ഒരിക്കലും മാറില്ല. അവൾക്ക് എപ്പോഴെങ്കിലും എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ നേരിട്ട് ബന്ധപ്പെടുമെന്ന് എനിക്കറിയാം,” വിനു ഇൻസ്റ്റഗ്രാം പോസ്റ്റിൽ കൂട്ടിച്ചേർത്തു.