ഗൾഫ് യാത്രയുടെ സമാപനം: മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ; കെഎംസിസി ബഹിഷ്‌കരിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ച് ഗൾഫ് രാജ്യങ്ങളിലെ സന്ദർശനത്തിന്റെ അവസാന ഘട്ടമായി ദുബൈയിലെത്തുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് മുഖ്യമന്ത്രി ദുബൈയിൽ വിമാനമിറങ്ങുക.

നേരത്തെ നവംബർ ഒന്നിന് നിശ്ചയിച്ചിരുന്ന സന്ദർശനം, ‘അതിദാരിദ്ര്യമുക്ത കേരളം’ പ്രഖ്യാപനത്തിനായി മുഖ്യമന്ത്രിക്ക് തിരികെ പോകേണ്ടി വന്നതിനാൽ മാറ്റിവെക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ദുബൈയിലെത്തുന്ന മുഖ്യമന്ത്രി ഇന്ത്യൻ കോൺസൽ ജനറൽ, പ്രമുഖ വ്യവസായികൾ, ദുബൈ ഭരണകർത്താക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകിട്ട് ദുബൈ ഖിസൈസിലെ അമിറ്റി സ്കൂളിൽ നടക്കുന്ന ‘ഓർമ്മ കേരളോത്സവ’ത്തിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കമാണ് ഈ സന്ദർശനമെന്ന് ആരോപിച്ചുകൊണ്ട് ദുബൈ കെഎംസിസി മുഖ്യമന്ത്രിയുടെ പരിപാടികൾ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു.

എന്നാൽ, കെഎംസിസി ഉൾപ്പെടെയുള്ള സംഘടനകളുമായി നേരത്തേ കൂടിയാലോചന നടത്തിയ ശേഷമാണ് സന്ദർശന പരിപാടികൾ തീരുമാനിച്ചതെന്നും, ബഹിഷ്‌കരണം എന്തിനാണെന്ന് അറിയില്ലെന്നും ലോകകേരള സഭ-മലയാളം മിഷൻ ഭാരവാഹികൾ പ്രതികരിച്ചു. ഡിസംബർ രണ്ടിനാണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുക.