ഇന്ത്യൻ സിനിമയുടെ കുതിപ്പ്: 2025-ൽ കളക്ഷൻ വാരിയ ആദ്യ 20 ചിത്രങ്ങൾ!

ഇന്ത്യൻ സിനിമ ഇന്ന് ഒരു വ്യവസായമെന്ന നിലയിൽ അതിവേഗം വളർച്ചയുടെ പാതയിലാണ്. ഒരു കാലത്ത് ബോളിവുഡ് ചിത്രങ്ങൾ മാത്രം കൈയടക്കിയിരുന്ന കളക്ഷൻ റെക്കോർഡുകൾ ഇപ്പോൾ തെന്നിന്ത്യൻ സിനിമകളും തകർത്തെറിയുകയാണ്. 2025 വർഷം അവസാനിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ, ഈ വർഷം ആഗോള ബോക്സ് ഓഫീസിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ആദ്യ 20 ചിത്രങ്ങളുടെ കണക്കുകൾ പുറത്തുവന്നിരിക്കുന്നു.ട്രാക്കർമാരായ ഇന്ത്യൻ ബോക്സ് ഓഫീസിന്റെ നവംബർ 26-ന് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ലിസ്റ്റ് പ്രകാരം, ഈ വർഷം ഏറ്റവുമധികം കളക്ഷൻ നേടിയ 20 ചിത്രങ്ങളിൽ പത്തെണ്ണവും ബോളിവുഡിൽ നിന്നാണ്. എങ്കിലും, പട്ടികയുടെ ഒന്നാം സ്ഥാനം ഒരു കന്നഡ ചിത്രം സ്വന്തമാക്കിയിരിക്കുന്നു.

പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ‘കാന്താര ചാപ്റ്റർ 1’ ആണ്. ഈ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 851.75 കോടി രൂപയാണ് വാരിക്കൂട്ടിയത്. ആദ്യ 20-ൽ കന്നഡ സിനിമയുടെ ഏക സാന്നിധ്യവും ഇത് തന്നെ.രണ്ടാം സ്ഥാനത്തുള്ള ഹിന്ദി ചിത്രം ‘ഛാവ’ 807.91 കോടിയും, മൂന്നാമതുള്ള ‘സൈയാര’ 570.33 കോടിയും നേടി. പട്ടികയിലെ ആദ്യ തെന്നിന്ത്യൻ എൻട്രി നാലാം സ്ഥാനത്തുള്ള തമിഴ് ചിത്രമായ ‘കൂലി’യാണ്. രജനികാന്ത് നായകനായ ഈ ചിത്രം 518 കോടി രൂപ കളക്ഷൻ നേടി.

ബോളിവുഡിനും ടോളിവുഡിനുമൊപ്പം കോളിവുഡിനും ഒപ്പം മലയാള സിനിമയും ലിസ്റ്റിൽ തലയുയർത്തി നിൽക്കുന്നുണ്ട്. ആദ്യ പത്തിൽ ഒരു മലയാള ചിത്രം ഇടം നേടിയിട്ടുണ്ട്. മലയാളത്തിലെ പുതിയ സൂപ്പർഹീറോ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായ ‘ലോക ചാപ്റ്റർ 1 ചന്ദ്ര’യാണ് ആ നേട്ടം സ്വന്തമാക്കിയത്. ചിത്രം 303.80 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്.

തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ നിന്ന് മൂന്ന് ചിത്രങ്ങൾ വീതമാണ് ടോപ്പ് 20 ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. മലയാളത്തിൽ നിന്നുള്ള മറ്റ് രണ്ട് ചിത്രങ്ങൾ 11, 15 സ്ഥാനങ്ങളിലാണ്. മോഹൻലാൽ നായകനായ ‘എമ്പുരാൻ’ 266.81 കോടി നേടി പതിനൊന്നാം സ്ഥാനത്തും, അദ്ദേഹത്തിന്റെ തന്നെ ‘തുടരും’ എന്ന ചിത്രം 235.38 കോടി നേടി പതിനഞ്ചാം സ്ഥാനത്തുമുണ്ട്.

വർഷം അവസാനിക്കാൻ ഇനിയും ഒരു മാസം ശേഷിക്കെ, വിവിധ ഭാഷകളിലായി നിരവധി വമ്പൻ റിലീസുകൾ വരാനുണ്ട്. അതിനാൽത്തന്നെ, നിലവിലെ ഈ കളക്ഷൻ പട്ടികയിൽ ഇനിയും മാറ്റങ്ങൾ വരാനുള്ള സാധ്യത ഏറെയാണ്.