ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഞെട്ടിക്കാൻ ‘റേച്ചൽ’; ചിത്രം ഡിസംബർ 12-ന് തിയേറ്ററുകളിലേക്ക്

നടി ഹണി റോസ് കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘റേച്ചൽ’ റിലീസിന് ഒരുങ്ങുന്നു. നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബർ 12 മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പാലായിൽ നിന്നുള്ള വേട്ടക്കാരനായ പോത്തുപാറ ജോയിച്ചന്റെ മകൾ റേച്ചൽ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഹണി റോസ് അവതരിപ്പിക്കുന്നത്.

രണ്ട് പതിറ്റാണ്ടായി സിനിമയിലുള്ള ഹണി റോസ്, ഒരു ഇറച്ചി വെട്ടുകാരിയുടെ വേഷത്തിൽ ഇതുവരെ കാണാത്ത മേക്ക് ഓവറിലാണ് എത്തുന്നത് എന്നതാണ് ‘റേച്ചലി’ന്റെ പ്രധാന ആകർഷണം. ജോയിച്ചനായി നടൻ ബാബുരാജും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾക്കും ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിലെ ആദ്യ ഗാനമായ ‘കണ്ണിൽ മാരിവില്ലിൻ ചെണ്ട്…’ ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടംനേടി കഴിഞ്ഞു.

ഒരു റിവഞ്ച് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കും ‘റേച്ചൽ’ എന്നാണ് സൂചന. വയലൻസ്, രക്തച്ചൊരിച്ചിൽ, തീവ്രമായ അഭിനയ മുഹൂർത്തങ്ങൾ എന്നിവയെല്ലാം ചിത്രത്തിൽ ഉണ്ടാകുമെന്നാണ് ട്രെയിലർ നൽകുന്ന വാഗ്ദാനം.

മലയാളത്തിന് പുറമെ, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനെത്തുന്നത്. ഹണി റോസ്, ബാബുരാജ്, റോഷൻ എന്നിവരെ കൂടാതെ ചന്തു സലിംകുമാർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ജോജി കെ ജോൺ, ദിനേശ് പ്രഭാകർ, ഡേവിഡ്, പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.