
യുവസംവിധായകൻ എ.ജെ. വർഗീസ് ഒരുക്കുന്ന പുതിയ ക്യാമ്പസ് ഫൺത്രില്ലർ ചിത്രമായ ‘അടിനാശം വെള്ളപ്പൊക്കം’ ഡിസംബർ 12-ന് റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ക്യാമ്പസ്സിനുള്ളിലും പുറത്തുമുള്ള സംഭവവികാസങ്ങൾ കോർത്തിണക്കി ഒരുക്കുന്ന ഈ ചിത്രം യുവതലമുറയ്ക്ക് ശക്തമായ സന്ദേശങ്ങൾ നൽകിക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്.സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ.പി.യാണ് ‘അടിനാശം വെള്ളപ്പൊക്കം’ നിർമ്മിക്കുന്നത്. ആർ. ജയചന്ദ്രൻ, എസ്.ബി. മധു, താരാ അതിയാടത്ത് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
ഒരു വശത്ത് ക്യാമ്പസ് പശ്ചാത്തലമാകുമ്പോൾത്തന്നെ കാമ്പസ്സിന് പുറത്തും ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ രണ്ടു ലോകങ്ങളും കൂട്ടിമുട്ടുന്നിടത്ത് വെച്ചാണ് കഥാഗതിക്ക് പ്രധാന വഴിത്തിരിവുണ്ടാകുന്നത്. ക്യാമ്പസ്സിന്റെ രസകരമായ നിമിഷങ്ങളെ ഗൗരവമായ സാമൂഹിക വിഷയങ്ങളുമായി ബന്ധിപ്പിച്ചാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇത് ചിത്രത്തെ പ്രമേയപരമായി കൂടുതൽ കാമ്പുള്ളതാക്കി മാറ്റുന്നു.
ജനപ്രിയതാരങ്ങളുടെയും പുതുമുഖങ്ങളുടെയും സാന്നിധ്യം കൊണ്ട് ചിത്രം ശ്രദ്ധേയമാണ്. ഷൈൻ ടോം ചാക്കോ, ബാബു ആന്റണി, അശോകൻ, മഞ്ജു പിള്ള എന്നിവർക്കൊപ്പം തമിഴ് നടൻ ജോൺ വിജയ്, യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. വിനീത് മോഹൻ, സജിത് അമ്പാട്ട്, അരുൺപ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്, വിജയകൃഷ്ണൻ എം.ബി. തുടങ്ങിയ യുവതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സംവിധായകൻ എ.ജെ. വർഗീസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സുരേഷ് പീറ്റേഴ്സ് നീണ്ട ഒരിടവേളക്ക് ശേഷം ഈ ചിത്രത്തിലൂടെ സംഗീത സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നു. ടിറ്റോ.പി. തങ്കച്ചന്റേതാണ് ഗാനരചന.ചിത്രത്തിന്റെ ഛായാഗ്രഹണം സൂരജ് എസ്. ആനന്ദ് നിർവ്വഹിക്കുമ്പോൾ, എഡിറ്റിംഗ് ലിജോ പോളാണ് കൈകാര്യം ചെയ്യുന്നത്. ശ്യാം കാർത്തികേയൻ കലാസംവിധാനവും, അമൽ കുമാർ കെ.സി. മേക്കപ്പും, സൂര്യ ശേഖർ കോസ്റ്റ്യൂം ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു. സ്റ്റിൽസ്: റിഷാദ്. ഷഹദ് സി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടറും, സേതു അടൂർ പ്രൊജക്റ്റ് ഡിസൈനറുമാണ്. പ്രൊഡക്ഷൻ കൺട്രോളർ: മുഹമ്മദ് സനൂപ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‌സ്: പൗലോസ് കുറു മുറ്റം, നജീർ നസീം, നിക്സൺ കുട്ടിക്കാനം.











