സമാന്തയുടെയും രാജ് നിദിമോരുവിന്റെയും ലളിതമായ വിവാഹം; ചിത്രങ്ങൾ വൈറലായി

കൊച്ചി: തെന്നിന്ത്യൻ നടി സമാന്തയും സംവിധായകനും എഴുത്തുകാരനുമായ രാജ് നിദിമോരുവും വിവാഹിതരായി. കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷനിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ തിങ്കളാഴ്ച രാവിലെ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ മുപ്പതോളം അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

വിവാഹ ചിത്രങ്ങൾ സമാന്തയുടെ അടുത്ത സുഹൃത്തായ ശിൽപ റെഡ്ഡിയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കൈകൾ കോർത്തുപിടിച്ച് പരസ്പരം നോക്കുന്ന സമാന്തയുടെയും രാജിന്റെയും ചിത്രങ്ങൾ ആരാധകർക്കിടയിൽ തരംഗമായി കഴിഞ്ഞു. വിവാഹച്ചടങ്ങിലെ ലളിതമായ ഭക്ഷണം വിളമ്പിയതിന്റെ ചിത്രങ്ങളും ശിൽപ റെഡ്ഡി പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി സമാന്തയും രാജ് നിദിമോരുവും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ‘ദി ഫാമിലി മാൻ 2’ എന്ന വെബ് സീരീസിലൂടെ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഈ ബന്ധത്തെക്കുറിച്ച് നടി ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ലെങ്കിലും, ഈ വർഷം ജീവിതത്തിൽ എടുത്ത ധീരമായ തീരുമാനങ്ങളെക്കുറിച്ചുള്ള സമാന്തയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും രാജിനൊപ്പമുള്ള ചിത്രങ്ങളും ഊഹാപോഹങ്ങൾക്ക് ശക്തി പകർന്നിരുന്നു.

2021-ലാണ് സമാന്തയും നടൻ നാഗചൈതന്യയും വേർപിരിഞ്ഞത്. കഴിഞ്ഞ വർഷം നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചിരുന്നു.