റിലീസിനുമുമ്പേ റെക്കോർഡ്; മമ്മൂട്ടിയുടെ ‘കളങ്കാവൽ’ പ്രീ-സെയിൽ കളക്ഷൻ 1.25 കോടി, മറികടന്നത് ‘ഡീയസ് ഈറേ’യേയും

നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് മമ്മൂട്ടി. അഭിനയ ജീവിതത്തിൽ അദ്ദേഹം ചെയ്ത നിരവധി കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ വേഷങ്ങളുമായാണ് സമീപകാലത്ത് മമ്മൂട്ടി എത്തുന്നത്. മുൻനിര നടന്മാർ ചെയ്യാൻ മടിക്കുന്ന കഥാപാത്രങ്ങളെ പോലും സ്വീകരിച്ച്, തന്നിലെ നടനെ ഓരോ സിനിമകൾ കഴിയുന്തോറും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ‘കളങ്കാവൽ’.

ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവൽ’ ഡിസംബർ 5-ന് തിയേറ്ററുകളിൽ എത്തും. രണ്ട് ദിവസം മുമ്പ് ആരംഭിച്ച ചിത്രത്തിന്റെ ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ‘കളങ്കാവൽ’ പ്രീ-സെയിൽ കളക്ഷൻ സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

സിനിമ റിലീസ് ചെയ്യാൻ രണ്ട് ദിവസം ബാക്കിനിൽക്കെ, കേരളത്തിൽ നിന്ന് മാത്രം 1.25 കോടി രൂപയാണ് ചിത്രം നേടിയത്. മമ്മൂട്ടി കമ്പനി തന്നെയാണ് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്. ബാക്കിയുള്ള ദിവസങ്ങളിലും കളക്ഷൻ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.

ഇതോടെ മമ്മൂട്ടിയുടെ തന്നെ മുൻ ചിത്രമായ ‘ഭ്രമയുഗം’, പ്രണവ് മോഹൻലാലിന്റെ ‘ഡീയസ് ഈറേ’ എന്നിവയുടെ ഫൈനൽ പ്രീ-സെയിൽ കളക്ഷനുകളെ ‘കളങ്കാവൽ’ മറികടന്നു. പ്രമുഖ ട്രാക്കർമാരുടെ റിപ്പോർട്ടുകൾ പ്രകാരം, ‘ഡീയസ് ഈറേ’യുടെ വേൾഡ് വൈഡ് പ്രീ-സെയിൽ കളക്ഷൻ 1.3 കോടിയാണ്. ഈ കണക്കിനെയാണ് ‘കളങ്കാവൽ’ കേരളത്തിൽ നിന്നുമാത്രം മറികടന്നത്. ‘ഭ്രമയുഗ’ത്തിന്റെ പ്രീ-സെയിൽ കളക്ഷൻ 1.2 കോടിയായിരുന്നു. നിലവിൽ, മമ്മൂട്ടിയുടെ ‘ടർബോ’യാണ് 3.5 കോടി നേടി പ്രീ-സെയിലിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം.

‘കളങ്കാവലി’ൽ വിനായകനാണ് നായകനെന്നും താൻ പ്രതിനായകന്റെ റോളിലാണ് എത്തുന്നതെന്നും മമ്മൂട്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ വലിയ ആകാംഷയോടെയാണ് സിനിമാസ്വാദകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. വിനായകൻ പോലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. കേരള-തമിഴ്നാട് അതിർത്തിയിൽ നടക്കുന്ന ക്രൈമുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് സിനിമയുടെ പശ്ചാത്തലമെന്നാണ് പ്രൊമോഷൻ മെറ്റീരിയലുകൾ നൽകുന്ന സൂചന.