ഖജുരാഹോ ഡ്രീംസ്’ നാളെ തിയേറ്ററുകളിൽ; അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി പ്രധാന വേഷങ്ങളിൽ

യുവതാരങ്ങളായ അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘ഖജുരാഹോ ഡ്രീംസ്’ നാളെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. സിനിമയ്ക്ക് യു/എ സെൻസർ സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.

സൗഹൃദവും യാത്രകളും ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്ന ഒരു റോഡ് മൂവി ഗണത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യൂത്തിനെ ആകർഷിക്കുന്ന സംഭാഷണങ്ങളും രസകരമായ മുഹൂർത്തങ്ങളും ചിത്രത്തിലുണ്ട്.

പുരാതന ചുവർചിത്രങ്ങൾ നിറഞ്ഞ ക്ഷേത്രനഗരമായ ഖജുരാഹോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും അതിനെത്തുടർന്നുണ്ടാകുന്ന ആകാംക്ഷാഭരിതവും നർമ്മം നിറഞ്ഞതുമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാറുന്ന കാലഘട്ടത്തിലെ യുവത്വത്തിന്റെ പുതുലോകം തുറന്നുകാട്ടുന്ന സിനിമയാണിതെന്നാണ് സൂചന.

എം.കെ. നാസർ ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സേതുവാണ് ‘ഖജുരാഹോ ഡ്രീംസി’നായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ത്രൂ ആശിർവാദ് റിലീസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.