
നടൻ നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘സർവ്വം മായ’യുടെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. അണിയറയിലെ രസകരമായ നിമിഷങ്ങളും സിനിമയുടെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.
‘ഷൂട്ടിങ്ങിന് വിളിച്ച് ഇവന്മാർ സമയം തീർത്താൽ പിന്നെ വിടില്ല’ എന്ന നിവിൻ പോളിയുടെ തമാശ കലർന്ന ഒരു രംഗം വിഡിയോയുടെ പ്രധാന ആകർഷണമാണ്. സെറ്റിൽ നിവിൻ പോളിയും അജു വർഗീസും ഉൾപ്പെടെയുള്ള താരങ്ങൾ തമാശകൾ പറയുന്നതും ചിരിക്കുന്നതുമായ രംഗങ്ങൾ ചിത്രത്തിന്റെ ലൊക്കേഷൻ ഫീൽ പ്രേക്ഷകർക്ക് നൽകുന്നുണ്ട്.
ഫാന്റസിയുടെ മായക്കാഴ്ചകളും ചിരിയുടെ മനോഹര നിമിഷങ്ങളും ഒത്തുചേരുന്ന ഒരു എന്റെർടെയിനറാകും ‘സർവ്വം മായ’. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം പ്രഭാകരനാണ്. സംവിധായകൻ അഖിൽ സത്യൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നത്.
ക്രിസ്മസ് ദിനത്തിൽ ചിത്രം തിയേറ്ററുകളിലെത്തും.











