‘ഇരയായി അഭിനയിക്കുന്ന വില്ലൻ’; സമാന്തയ്‌ക്കെതിരെ മുൻഭാര്യയുടെയും സുഹൃത്തിൻ്റെയും ഒളിയമ്പ്; രാജ് നിദിമോരു വിവാദച്ചുഴിയിൽ

നടി സമാന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമോരുവും തമ്മിലുള്ള വിവാഹം സിനിമാ ലോകത്ത് വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ഇരുവരുടെയും രണ്ടാം വിവാഹത്തിന് ആരാധകർ ആശംസകൾ നേരുമ്പോഴും, ചില കോണുകളിൽ നിന്ന് വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉയരുന്നുണ്ട്.

സമാന്തയും രാജും വിവാഹിതരായതിന് പിന്നാലെ, രാജിന്റെ മുൻഭാര്യയായ ശ്യാമലി ഡേയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഈ വിവാദങ്ങൾക്ക് ആധാരം. നിരവധി പേർ തനിക്ക് പിന്തുണയുമായി എത്തിയതിൽ നന്ദി അറിയിച്ചുകൊണ്ട് ശ്യാമലി പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം.

വിഷമഘട്ടത്തിൽ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ ശ്യാമലി, തന്റെ ശ്രദ്ധ ഇപ്പോൾ ഗുരുവിന് അർബുദം ബാധിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണെന്ന് കുറിച്ചു. മാധ്യമശ്രദ്ധ നേടാനോ, അഭിമുഖങ്ങൾ നൽകാനോ, പെയ്ഡ് പാർട്ണർഷിപ്പുകൾ ചെയ്യാനോ താൻ ആഗ്രഹിക്കുന്നില്ലെന്നും, ഈ ഇടം വൃത്തിയായി സൂക്ഷിക്കണമെന്നും അവർ അഭ്യർഥിച്ചു.

സമാന്തയുമായുള്ള സൗഹൃദമാണ് രാജിന്റെ ആദ്യ വിവാഹബന്ധം തകർത്തതെന്ന ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാണ്. രാജ്, ശ്യാമലിയുമായി നിയമപരമായി വേർപിരിയുന്നതിന് മുൻപാണ് സമാന്തയെ വിവാഹം ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ, സമാന്തയുടെ മുൻ മേക്കപ്പ് ആർട്ടിസ്റ്റായ സദ്‌ന സിങ് നടിക്കെതിരെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചില വാചകങ്ങളും അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നു. സമാന്തയുമായി അടുപ്പം ഉണ്ടായിരുന്ന സദ്‌ന, ഇപ്പോൾ നടിയെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തിരിക്കുകയാണ്. സമാന്തയുടെ അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത വിവാഹത്തിന് സദ്‌നയ്ക്ക് ക്ഷണമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

2022-ൽ രാജ് ശ്യാമലിയുമായി വേർപിരിയുകയും, 2023-ൽ സമാന്ത നാഗചൈതന്യയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷവുമാണ് ഇരുവരും വിവാഹിതരായത്. എന്നാൽ, ഈ വിഷയങ്ങളോട് രാജ് നിദിമോരു ഇതുവരെ പ്രതികരിച്ചിട്ടില്ല.