
മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയിൻ നിഗം വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ‘ദൃഢം’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ റിലീസ് ചെയ്തു. ‘എസ്.ഐ. വിജയ് രാധാകൃഷ്ണൻ’ എന്ന ശക്തമായ പോലീസ് കഥാപാത്രമായാണ് ഷെയിൻ ഇത്തവണ എത്തുന്നത്.
‘കൊറോണ പേപ്പേഴ്‌സ്’, ‘വേല’ എന്നീ ചിത്രങ്ങളിലെ പോലീസ് വേഷങ്ങൾക്കുശേഷം ഷെയിൻ വീണ്ടും യൂണിഫോമിൽ എത്തുന്നു എന്ന പ്രത്യേകത ‘ദൃഢ’ത്തിനുണ്ട്. ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ വീഡിയോ പ്രേക്ഷകരിൽ വലിയ ആകാംക്ഷയാണ് ഉണർത്തിയിരിക്കുന്നത്. ‘#ACopWithEverythingToProve’ എന്ന ഹാഷ്ടാഗാണ് അണിയറപ്രവർത്തകർ ചിത്രത്തിനായി ഉപയോഗിക്കുന്നത്.
നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃഢം’ നിർമ്മിക്കുന്നത് മുകേഷ് ആർ. മെഹ്ത, സി. വി. സാരഥി എന്നിവർ ചേർന്നാണ്. ഇ ഫോർ എക്സ്പെരിമെന്റ്‌സും ജീത്തു ജോസഫിന്റെ (ബെഡ് ടൈം സ്റ്റോറീസ്) ബാനറും ചേർന്നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ജോമോൻ ജോൺ, ലിൻ്റോ ദേവസ്യ എന്നിവർ ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.
ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പി. എം. ഉണ്ണികൃഷ്ണനാണ് ഛായാഗ്രഹണം.











