പൃഥ്വിരാജ് ചിത്രം ‘ഖലീഫ’യിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ട്

കൊച്ചി: നടൻ പൃഥ്വിരാജ് സുകുമാരൻ, സംവിധായകൻ വൈശാഖ് എന്നിവർ വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം ‘ഖലീഫ’യെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ ആരാധകർക്കിടയിൽ ആവേശം സൃഷ്ടിക്കുന്നു. സിനിമയിൽ സൂപ്പർതാരം മോഹൻലാൽ ഒരു പ്രധാന അതിഥി വേഷത്തിൽ എത്തുമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.

പൃഥ്വിരാജിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ്‌ലൈനോടുകൂടിയാണ് ‘ഖലീഫ’ എത്തുന്നത്.

ജിനു എബ്രഹാം തിരക്കഥയെഴുതി നിർമ്മിക്കുന്ന ചിത്രത്തിൽ, പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി എന്ന കഥാപാത്രത്തിന്റെ മുൻഗാമിയായ അഹമ്മദ് അലി എന്ന വേഷത്തിലായിരിക്കും മോഹൻലാൽ എത്തുകയെന്നാണ് എക്‌സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മലയാള സിനിമയിലെ ഈ രണ്ട് വലിയ താരങ്ങളുടെ സാന്നിധ്യം ‘ഖലീഫ’യുടെ ഹൈപ്പ് വർദ്ധിപ്പിച്ചിരിക്കുകയാണ്.

ജിനു എബ്രഹാം, സൂരജ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘പോക്കിരി രാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഖലീഫ’. ലണ്ടൻ, ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.