വിധി ദിനത്തിൽ പ്രത്യാശയുടെ സന്ദേശം; സംവിധായകൻ അരുൺ ഗോപിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

കൊച്ചി: മലയാള സിനിമാ ലോകം ആകാംഷയോടെ കാത്തിരുന്ന നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക വിധി വരുന്ന സാഹചര്യത്തിൽ, സംവിധായകൻ അരുൺ ഗോപി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു. വിധി പ്രഖ്യാപനം നടക്കുന്ന ദിവസത്തെ സൂചിപ്പിച്ച്, പ്രത്യാശ നൽകുന്ന ഒരു ചെറു കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്.

“കഴിഞ്ഞു പോയ അസ്തമയത്തിൽ എനിക്ക് നിരാശയില്ല.. ഇന്നിന്റെ ഉദയത്തിൽ ഞാൻ അത്രമേൽ പ്രത്യാശിക്കുന്നു.” – ഇതായിരുന്നു അരുൺ ഗോപിയുടെ സമൂഹ മാധ്യമങ്ങളിലെ വാക്കുകൾ.

ദിലീപും അരുൺ ഗോപിയും:

നടൻ ദിലീപിന്റെ അടുത്ത സുഹൃത്തും കടുത്ത ആരാധകനുമാണ് അരുൺ ഗോപി. ദിലീപിന്റെ സിനിമാ ജീവിതത്തിൽ വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ, അദ്ദേഹം ജയിലിലായിരിക്കുമ്പോൾ റിലീസ് ചെയ്ത ചിത്രമാണ് അരുൺ ഗോപി സംവിധാനം ചെയ്ത ‘രാമലീല’. അന്ന് വലിയ വിവാദങ്ങൾക്കിടയിലും ചിത്രം നേടിയ വൻവിജയം ശ്രദ്ധേയമായിരുന്നു.

വിവാദങ്ങൾ കത്തിനിൽക്കുമ്പോൾ, ദിലീപിന് വേണ്ടി പരസ്യമായി നിലകൊണ്ട സംവിധായകൻ എന്ന നിലയിൽ, വിധി വരുന്ന ദിവസത്തെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് സിനിമ മേഖലയിലും പൊതുസമൂഹത്തിലും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. കോടതിയുടെ അന്തിമ തീരുമാനം കാത്തിരിക്കുകയാണ് സിനിമാ ലോകം.