
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ ഷോ, വ്യത്യസ്ത മേഖലകളിലെ പ്രമുഖരെ ഒരു വീട്ടിൽ 100 ദിവസത്തേക്ക് ഒരുമിപ്പിക്കുന്നു. പ്രേക്ഷകരുടെ പിന്തുണയോടെ അവസാനം വരെ ഹൗസിൽ നിലനിൽക്കുന്ന വ്യക്തിയാണ് വിജയിയാവുക.
മലയാളത്തിൽ നിലവിൽ ഏഴ് സീസണുകൾ പൂർത്തിയായി. തിരുവനന്തപുരം സ്വദേശിയായ ആർട്ടിസ്റ്റ് അനുമോളാണ് ഏറ്റവും ഒടുവിൽ നടന്ന സീസൺ 7-ന്റെ വിജയി. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും, എട്ടാം സീസണുമായി ബന്ധപ്പെട്ട ചർച്ചകളും പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്.
ഇതിനിടയിലാണ് ബിഗ് ബോസിന്റെ ഒരു ‘സെലിബ്രിറ്റി എഡിഷൻ’ ശ്രദ്ധേയമാകുന്നത്. മലയാള സിനിമയിലെ മുൻനിര അഭിനേതാക്കൾ ബിഗ് ബോസ് ഹൗസിലെത്തിയാൽ എങ്ങനെയിരിക്കും എന്ന ആശയത്തിൽ അധിഷ്ഠിതമായ AI സൃഷ്ടികളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീഡിയോകളോടൊപ്പം താരങ്ങളുടെ ഫോട്ടോകളും ഇൻസ്റ്റാഗ്രാം പേജുകളിൽ തരംഗമായി മാറി.
മുൻനിര നായകന്മാർ മുതൽ പുതുതലമുറ താരങ്ങൾ വരെ ഈ എഐ ക്രിയേഷനുകളിൽ അണിനിരക്കുന്നുണ്ട്. വിനായകനോട് തട്ടിക്കയറുന്ന മോഹൻലാലിൻ്റെ രംഗം, ദേഷ്യം നിയന്ത്രിക്കാനാവാതെ ചായക്കപ്പ് വലിച്ചെറിയുന്ന ഉണ്ണി മുകുന്ദൻ, കട്ടക്കലിപ്പിൽ നിൽക്കുന്ന നിവിൻ പോളി, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരുടെ ചിത്രങ്ങൾ ആരാധകരെ ആകർഷിച്ചു. ദുൽഖർ സൽമാൻ നടി സായ് പല്ലവിയുമായി സൗഹൃദവും ദേഷ്യവുമൊക്കെ പ്രകടിപ്പിക്കുന്ന രംഗങ്ങളും ഇതിലുണ്ട്. ബിഗ് ബോസ് ജയിലിനുള്ളിൽ രോഷാകുലനായി നിൽക്കുന്ന ഷൈൻ ടോം ചാക്കോ ആണ് എഐ ക്രിയേഷനിലെ മറ്റൊരു ഹൈലൈറ്റ്.
ഈ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ നിരവധി രസകരമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബിഗ് ബോസ് വിജയിയെക്കുറിച്ചുള്ള പ്രവചനം നടത്താൻ പലരും മറന്നില്ല. ഭൂരിഭാഗം കമന്റുകളിലും ‘കപ്പ് ഷൈൻ ടോം ചാക്കോ തന്നെ കൊണ്ടുപോകും’ എന്നാണ് പറയുന്നത്. താരങ്ങൾ മത്സരാർത്ഥികളാകുന്ന ഒരു സീസൺ വന്നാൽ അത് ഗംഭീരമാകും എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. എഐ ക്രിയേഷനിൽ ഉൾപ്പെടാത്ത ധ്യാന ശ്രീനിവാസനെ പോലുള്ള നടന്മാരെയും ഹൗസിൽ കാണാൻ ആഗ്രഹിക്കുന്നതായി ചിലർ കമന്റ് ചെയ്തു.
എന്തായാലും, യാഥാർഥ്യമാകാൻ സാധ്യതയില്ലാത്ത ഈ ‘സെലിബ്രിറ്റി ബിഗ് ബോസ്’ ഷോയുടെ AI പതിപ്പ് പ്രേക്ഷകർ ഏറ്റെടുത്തതിൽ സംശയമില്ല











