നടി വീണ നായർ ദിലീപിന് പിന്തുണയുമായി; ‘തെറ്റ് ചെയ്യാത്തവർക്ക് നീതി കിട്ടണം’, കോടതി വിധിയിൽ സന്തോഷം പങ്കുവെച്ച് താരം

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് നടി വീണ നായർ. തെറ്റ് ചെയ്യാത്ത ഒരാൾക്ക് നീതി ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും, ദിലീപും ഈ കേസിൽ ഇരയാണെന്നും അവർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഗൂഢാലോചന കുറ്റം തെളിയിക്കാൻ കഴിയാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കുറ്റവിമുക്തനാക്കിയത്. ഈ വിധിയെ സ്വാഗതം ചെയ്യുന്നതായി വീണ നായർ തന്റെ കുറിപ്പിൽ വ്യക്തമാക്കി.

“തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടുമ്പോൾ തെറ്റ് ചെയ്യാത്തവർക്ക് നീതി കിട്ടണ്ടേ? വിജയം നേടിയ ദിവസമല്ല, സമാധാനത്തിന്റെ ദിവസമാണ് ഇന്ന്. പ്രാർത്ഥിച്ചവർക്ക് പുഞ്ചിരിക്കാൻ കഴിയുന്ന ദിനം. മാധ്യമ വിചാരണകളും മോശം വാക്കുകളും നേരിടേണ്ടി വന്ന ഒരു മനുഷ്യനാണ് ദിലീപ്. നിയമത്തിൽ വിശ്വസിച്ച് മുന്നോട്ട് പോയ അദ്ദേഹത്തിന്റെ ധൈര്യം വലുതാണ്. സത്യം ഉയർന്നാൽ ഒരു ഇരുട്ടിനും അതിനെ പിടിച്ചു നിർത്താൻ കഴിയില്ല,” വീണ നായർ കുറിച്ചു.

നിയമത്തോടുള്ള ദിലീപിന്റെ ആദരവും, തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവും വലിയ ധൈര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, കേസിൽ മറ്റ് ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവരുടെ ശിക്ഷാവിധി വൈകാതെ പ്രഖ്യാപിക്കും.