
ക്രിസ്മസ് റിലീസുകളുടെ കൂട്ടത്തിലേക്ക് ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ‘റേച്ചലും’ എത്തുകയാണ്. ഡിസംബർ 12-ന് ചിത്രം ആഗോള തലത്തിൽ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രണയം, വേദന, പ്രതികാരം, സംഘർഷം, രക്തച്ചൊരിച്ചിൽ തുടങ്ങിയ നിരവധി വൈകാരിക തലങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആനന്ദിനി ബാലയാണ്.
രണ്ട് പതിറ്റാണ്ടായി സിനിമാരംഗത്ത് സജീവമായ ഹണി റോസ്, ഒരു ഇറച്ചി വെട്ടുകാരിയുടെ തികച്ചും വ്യത്യസ്തമായ വേഷത്തിൽ എത്തുന്നു എന്നതാണ് ‘റേച്ചലി’ന്റെ പ്രധാന ആകർഷണം. പാലായിൽ നിന്നുള്ള വേട്ടക്കാരനായ പോത്തുപാറ ജോയിച്ചന്റെ മകൾ റേച്ചൽ എന്ന കഥാപാത്രത്തെയാണ് കരിയറിൽ ഇതുവരെ കാണാത്ത രൂപഭാവങ്ങളിൽ ഹണി റോസ് അവതരിപ്പിക്കുന്നത്.
അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമെ, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും ‘റേച്ചൽ’ പ്രേക്ഷകരിലേക്കെത്തും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈൻ സഹരചയിതാവാകുന്ന ചിത്രം കൂടിയാണ് ‘റേച്ചൽ’.
ഹണി റോസിനൊപ്പം ബാബുരാജ്, റോഷൻ, ചന്തു സലിംകുമാർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ജോജി കെ ജോൺ, ദിനേശ് പ്രഭാകർ, ഡേവിഡ്, പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
ബാദുഷാസ് സിൽവർ സ്ക്രീൻ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മാണം. രാഹുൽ മണപ്പാട്ടിൻ്റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ പ്രഗത്ഭരാണ് സിനിമയുടെ സാങ്കേതിക മേഖല കൈകാര്യം ചെയ്തിരിക്കുന്നത്. ബാദുഷാസ് സിൽവർ സ്ക്രീൻ എൻ്റർടെയ്ൻമെൻ്റ്, ശ്രീ പ്രിയ കമ്പയിൻസിലൂടെയാണ് ചിത്രം വിതരണം ചെയ്യുന്നത്.











