“ടോക്സിക്” വിരുന്നൊരുങ്ങുന്നു: മാർച്ച് 19-ന് തിയേറ്ററുകളിൽ; യഷിൻ്റെ പുതിയ ഭാവം പങ്കുവെച്ച് ഗീതു മോഹൻദാസ്

‘കെ.ജി.എഫ്’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം റോക്കിംഗ് സ്റ്റാർ യഷ് നായകനായി എത്തുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ എന്ന ചിത്രത്തിൻ്റെ റിലീസിനായുള്ള കാത്തിരിപ്പ് തുടങ്ങി. ദേശീയ അവാർഡ് ജേതാവ് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ റിലീസിന് കൃത്യം 100 ദിവസം ബാക്കി നിൽക്കെ, അണിയറപ്രവർത്തകർ പുതിയ ഇൻ്റൻസ് പോസ്റ്റർ പുറത്തുവിട്ടു.

2026 മാർച്ച് 19-ന് ആഗോളതലത്തിൽ റിലീസ് നിശ്ചയിച്ചിട്ടുള്ള ചിത്രത്തിൻ്റെ ഏറ്റവും പുതിയ പോസ്റ്റർ ആരാധകർക്കിടയിൽ ആവേശം നിറച്ചിരിക്കുകയാണ്. രക്തം കലർന്ന ഒരു ബാത്ത്ടബ്ബിൽ, പേശീബലമുള്ള ശരീരത്തിൽ ടാറ്റൂകളോടു കൂടി യഷ് ഇരിക്കുന്നതാണ് പോസ്റ്ററിലെ ദൃശ്യം. ക്യാമറയ്ക്ക് പുറത്തേക്ക് നോക്കി, മുഖം വ്യക്തമല്ലാത്ത രീതിയിലാണ് താരത്തെ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഇരുണ്ടതും കഠിനവുമായ സ്വഭാവം സൂചിപ്പിക്കുന്നതാണ് ഈ പോസ്റ്റർ.

വൻ താരനിര അണിയറയിൽ

പാൻ-ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ‘ടോക്സിക്കി’ന് പിന്നിൽ വലിയൊരു സാങ്കേതികനിര തന്നെയുണ്ട്. മലയാളിയായ ദേശീയ അവാർഡ് ജേതാവ് രാജീവ് രവിയാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ‘കെജിഎഫ്’ സിനിമകൾക്ക് സംഗീതം നൽകിയ രവി ബസ്രൂർ വീണ്ടും യഷിനൊപ്പം ചേരുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഹോളിവുഡ് ആക്ഷൻ രംഗത്തെ പ്രമുഖനായ ജെ.ജെ. പെറിയാണ് (John Wick സിനിമയുടെ ആക്ഷൻ കൊറിയോഗ്രാഫർ) ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. അൻബറിവ് ഡുവോയും ഇതിനൊപ്പം ചേരുന്നുണ്ട്. യഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിക്കുന്ന ‘ടോക്സിക്’ മലയാളം ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് എത്തും.

വരുന്ന ഗുഡി പാഡ്വ, ഉഗാദി, ഈദ് എന്നീ ആഘോഷ ദിനങ്ങളോടനുബന്ധിച്ച് നാല് ദിവസത്തെ അവധിക്കാല വാരാന്ത്യത്തിലാണ് ചിത്രത്തിൻ്റെ റിലീസ്.